Untitled design - 1

പൊലീസിനെയാണോടാ പറ്റിക്കാന്‍ നോക്കുന്നത് എന്നൊന്നും ഇനി അസമിലെ പൊലീസുകാര്‍ ആരോടും ചോദിക്കാനിടയില്ല. കുപ്രസിദ്ധ കുറ്റവാളിയെ കുറിച്ച് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍മാപ്പിനോട് വഴി ചോദിച്ച് പിടികൂടാന്‍ ഇറങ്ങിത്തിരിച്ച പൊലീസ് എത്തിയത് നാഗാലാന്‍ഡില്‍! ജോര്‍ഹട്ടില്‍ നിന്നുള്ള 16 അംഗ പൊലീസുകാരെയാണ് ഗൂഗിള്‍മാപ്പ് വട്ടംകറക്കിയത്. നാഗാലാന്‍ഡിലെ മോക്കോചുങ് ഗ്രാമത്തിലാണ് പൊലീസ് സംഘമെത്തിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ചെന്നപ്പോളാണ് ഗൂഗിള്‍മാപ്പിനെക്കാളും വലിയ പണി പൊലീസുകാര്‍ക്ക് കിട്ടിയത്. കൊള്ളസംഘമാണിതെന്ന് കരുതിയ നാട്ടുകാര്‍ കയ്യോടെ പിടികൂടി തടവിലാക്കി. ഒടുവില്‍ മോക്കോചുങ് പൊലീസിനെ വിളിച്ച 'ലേലു അല്ലു, കെട്ടഴിച്ച് വിടോ, അസം പൊലീസാണ് വഴി തെറ്റിപ്പോയതാണ് എന്ന് പറഞ്ഞതോടെയാണ് പുറത്തിറങ്ങിയത്. 

തേയിലത്തോട്ടത്തിനുള്ളിലെ സ്ഥലത്തായിരുന്നു പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഗൂഗിള്‍മാപ്പില്‍ ലൊക്കേഷനിട്ട്് യാത്ര തിരിക്കുകയും ചെയ്തു. പക്ഷേ ജിപിഎസ് ചതിച്ചതോടെ എത്തിപ്പെട്ടത് നാഗാലാന്‍ഡിലായിപ്പോയെന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസുകാര്‍ പിടിഐയോട് വെളിപ്പെടുത്തി. പൊലീസ് സംഘത്തിലെ മൂന്ന് പേര്‍ മാത്രമാണ് ഔദ്യോഗിക വേഷത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ മഫ്തിയിലുമായിരുന്നു. ഇതാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ പൊലീസുകാര്‍ പ്രതിരോധിച്ചു. ഇതോടെ കൂട്ടത്തിലൊരാള്‍ക്ക് ചെറിയ പരുക്കുമേറ്റു. ഒരു രാത്രി മുഴുവന്‍ നാട്ടുകാരുടെ തടവില്‍ കഴിഞ്ഞശേഷമാണ് പൊലീസുകാര്‍ വെളിച്ചം കണ്ടത്. 

ഇതാദ്യമായല്ല ഗൂഗിള്‍മാപ്പ് വഴി തെറ്റിച്ചതിനെ തുടര്‍ന്ന് ആളുകള്‍ അബദ്ധത്തില്‍ ചെന്ന് ചാടുന്നതും അപകടങ്ങളില്‍പ്പെടുന്നതും. 2024 ഡിസംബറില്‍ ബിഹാറില്‍ നിന്നും ഗോവയിലേക്ക് യാത്ര ചെയ്ത കുടുംബം വഴി തെറ്റി കര്‍ണാടകയിലെ ബെലഗാവിയിലെ കൊടുങ്കാട്ടില്‍ എത്തിപ്പെട്ടിരുന്നു. ഒടുവില്‍ പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. 2024 നവംബറില്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഗൂഗിള്‍മാപ്പ് പണി തീരാത്ത മേല്‍പ്പാലത്തിലേക്ക് വഴി കാട്ടിയതോടെ ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു.വിവാഹഘോഷത്തിന് ശേഷം മടങ്ങിയ സംഘമാണ് അന്ന് അപകടത്തില്‍പ്പെട്ടത്.

ENGLISH SUMMARY:

An Assam Police team tracking a notorious criminal ended up in Nagaland due to Google Maps. Mistaken as robbers, the officers were detained by locals.