കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചില്‍ കുടുങ്ങിയ അര്‍ജുന്‍ അടക്കമുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മുങ്ങല്‍ വിദഗ്ധരടക്കം നാവികസേനയുടെ എട്ടംഗ സംഘമെത്തി. വെള്ളത്തില്‍ നേരിട്ടിറങ്ങാനുള്ള സാധ്യത പരിശോധിക്കുന്നു. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നേരിടാന്‍ പറ്റിയ ബോട്ടുകള്‍ ഉടനെത്തിക്കും.
അതേസമയം, അര്‍ജുന്‍ ഓടിച്ച ലോറി പുഴയിലേക്ക് ഒഴുകിപ്പോയിട്ടില്ലെന്നാണ് നിഗമനം. ജിപിഎസ് പോയിന്റില്‍ ചലനമില്ലാത്തതിനാലാണ് ഈ വിലയിരുത്തല്‍. സിഗ്നല്‍ ലഭിക്കുന്ന സ്ഥലത്തെ മണ്ണ് കുഴിച്ചുനോക്കും. രാത്രിയില്‍ ലഭിച്ച ജിപിഎസ് സിഗ്നല്‍ ഭാരത് ബെന്‍സില്‍ നിന്ന് വാങ്ങും.
കനത്ത മഴയും മണ്ണിടിച്ചില്‍ സാധ്യതയും രക്ഷാശ്രമം ദുഷ്കരമാക്കുകയാണ്. നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് കാര്‍വാര്‍ എസ്.പി മനോരമ ന്യൂസിനോട് പറഞ്ഞു. അടിയന്തര ഇടപെടലിനായി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കാസര്‍കോട് നിന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. ലോറി മണ്ണിനടിയിലാണോ വെള്ളത്തിനടിയിലാണോ ഇപ്പോഴും വ്യക്തമല്ലെന്ന് ഗതാഗതമന്ത്രിയും പറഞ്ഞു.
ലോറി ഉടമ മുക്കം സ്വദേശി മനാഫും അര്‍ജുന്റെ ഒരു ബന്ധുവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയുമായി സംസാരിച്ചതിനെത്തുടര്‍ന്ന് തിരിച്ചില്‍ നടപടികള്‍ ഈര്‍ജിതമാക്കിയിട്ടുണ്ട്. കെ.സി.വേണുഗോപാല്‍ എംപിയും ഇടപെട്ടിരുന്നു.