ചികില്‍സക്കെന്ന പേരില്‍ യുവതിയുടെ തലയില്‍ നിരവധി സൂചി കുത്തി മന്ത്രവാദി. ഒഡീഷയിലെ ബലംഗീർ ജില്ലയിലാണ് സംഭവം. മുറിവേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ നാല് വർഷമായി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ യുവതിക്കുണ്ടായിരുന്നു. പലതരത്തിലുള്ള മരുന്നുകള്‍ പരീക്ഷിച്ചിട്ടും രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ കുടുംബാഗങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് രോഗം മാറ്റുന്നതിനായി യുവതിയും മാതാപിതാക്കളും മന്ത്രവാദിയെ സമീപിച്ചത്.
ചികില്‍സാവിധി എന്ന പേരുപറഞ്ഞ് മന്ത്രവാദിയായ സന്തോഷ് റാണ യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറിന് ശേഷം യുവതിയെ പുറത്ത് കൊണ്ടുവന്നു. പിന്നാലെ യുവതി തുടർച്ചയായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മാതാപിതാക്കൾ യുവതിയുടെ തലയില്‍ സൂചികള്‍ കണ്ടെത്തി. 8 സൂചികളാണ് യുവതിയുടെ തലയില്‍ നിന്ന് മാതാപിതാക്കള്‍ നീക്കം ചെയ്തത്.
പിന്നീട് യുവതിയെ ആശുപത്രിയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിടി സ്കാനിങ്ങിന് വിധേയയാക്കിയപ്പോൾ തലയിൽ 10 സൂചികൾ കൂടി കണ്ടെത്തി. മന്ത്രവാദത്തിനിടെ മകൾ ബോധരഹിതയായി വീണുവെന്നും അതിനാൽ സൂചി കുത്തിയതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിക്കെതിരെ കേസെടുത്ത് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.