ജൂലൈ 16നായിരുന്നു അര്‍ജുന്‍ എന്ന കോഴിക്കോട് സ്വദേശി ലോറിഡ്രൈവര്‍ക്ക് തന്റെ സ്ഥിരം യാത്ര ദുരന്തയാത്രയായി മാറിയത്. എല്ലാ യാത്രയിലും വണ്ടി നിര്‍ത്തിയിടുന്ന സ്ഥലം,കുളിക്കാനിറങ്ങുന്ന പുഴ, ഇതെല്ലാമായിരിക്കണം ഒരുപക്ഷേ ഈ യാത്രയിലും അര്‍ജുനെ അവിടെ തന്നെ ലോറി നിര്‍ത്തിയിടാന്‍ പ്രേരിപ്പിച്ചത്. അപ്രതീക്ഷിതമായി കോരിച്ചൊരിഞ്ഞ മഴയില്‍ കുത്തിയൊലിച്ചുവീണ ടണ്‍കണക്കിന് മണ്ണും വെള്ളവും പാറയും ചെളിയും നിരവധി ജീവനുകളെ ഇല്ലാതാക്കി.16ാം തിയ്യതി പുലര്‍ച്ചെ നാലുവരെ അര്‍ജുന്‍ തന്റെ പ്രിയപ്പെട്ടവരുമായി സംസാരിച്ചിരുന്നു. എന്നാല്‍ അപകടം സംഭവിച്ചതിനു ശേഷം അര്‍ജുനെ കുടുബാംഗങ്ങള്‍ക്ക് ഫോണില്‍ ലഭിച്ചില്ല. അന്ന് സ്വിച്ച് ഓഫ് ആയ മൊബൈല്‍ഫോണ്‍ അപകടം നടന്ന് മൂന്നാംദിനം രണ്ടുതവണ ഓണ്‍ ആയി.അതായിരുന്നു അര്‍ജുന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയും വിശ്വാസവും കുടുംബത്തിനും ഉറ്റവര്‍ക്കും ഒരു ജനതക്കൊന്നാകെയും നല്‍കിയത്.
അപകടമുണ്ടായി മൂന്നുദിവസത്തോളം അനങ്ങാതിരുന്ന കര്‍ണാടക അധികൃതര്‍ മണ്ണിലകപ്പെട്ടവരെ തിരയുന്നതിന് പകരം ഗതാഗതം പുനസ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ പൊലീസും അധികൃതരും ചെവിക്കൊള്ളാതെ വന്നതോടെ കേരളത്തില്‍ നിന്ന് ശക്തമായ രാഷ്ട്രീയ, സാമൂഹിക സമ്മര്‍ദവും ഇടപെടലും ഉണ്ടായി. അതിന്റെ ഫലമായാണ് അഞ്ച് സംഘങ്ങള്‍ ഒന്നിച്ച് അര്‍ജുനെ തേടിയിറങ്ങിയത്.
അഞ്ചാംദിനമാണ് അര്‍ജുനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് മാത്രമായുള്ള തിരച്ചില്‍ കൃത്യമായി ആരംഭിച്ചത്. നിലവില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം ചോദ്യംചെയ്യപ്പെട്ടപ്പെട്ടതോടെയും കുടുംബത്തിന്െ ആവര്‍ത്തിച്ചുള്ള ആവശ്യത്തിനുമൊടുവില്‍ ഇന്നലെ രാത്രിയാണ് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ എത്തിക്കാനുള്ള നീക്കം നടത്തുന്നത്. ഇന്നലെ വൈകിട്ട് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ പുനരാരംഭിക്കാന്‍ വൈകിയതും കലക്ടറുടെ അനുമതി വേണമെന്ന ഉദ്യോഗസ്ഥരുടെ വാദവും അര്‍ജുന്െ വരവിനായി കാത്തിരുന്നവരുടെ വേദന കൂട്ടി. ഒടുവില്‍ വൈകിയെങ്കിലും രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു . ഉച്ചയോടെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യക്കരുത്തും കൈവന്നു.
അതേസമയം ആറാംദിനം രക്ഷാപ്രവര്‍ത്തനത്തെ വെല്ലുവിളിക്കും വിധമായിരുന്നു ഷിരൂരില്‍ മഴ ആര്‍ത്തലച്ചു പെയ്തത്. അപകടമേഖലയിലെ അവസ്ഥ കണ്ട് ചേട്ടനുവേണ്ടി നിലവിളിച്ച അനുജന്റെ കരച്ചിലൊന്നും ആ ദുരന്തമഴയുടെ ഇരമ്പലില്‍ ആരും കേട്ടില്ല. പന്ത്രണ്ടോളം മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചില്‍ ഇടക്കിടെ പെരുമഴയെത്തുടര്‍ന്ന് രണ്ടിലേക്ക് ഒതുക്കേണ്ടിവന്നു. മണ്ണിടിച്ചില്‍ ഭീഷണി ഉള്ള മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്ക്കരമായിരുന്നു. ഹെവി ഹിറ്റാച്ചിക്ക് പോലും അനക്കാനാകാത്ത തരത്തിലുള്ള പാറകളാണ് മണ്ണിനടിയിലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ട്രക്കുകളെ പോലും തകര്‍ക്കാന്‍ പാകത്തിലുള്ള കൂറ്റന്‍ പാറകളാണ് വന്നടിഞ്ഞതെന്ന് കേട്ടതോടെ പ്രതീക്ഷകള്‍ ഏതാണ്ട് മങ്ങിത്തുടങ്ങി.
റഡാര്‍ നല്‍കിയ സൂചനകളിലൂടെയായിരുന്നു ഇന്ന് തിരച്ചില്‍ നടത്തിയത്.എന്നാല്‍ ലോഹഭാഗങ്ങളുണ്ടെന്ന് കണക്കാക്കിയ ഭാഗത്തും മണ്ണും ചെളിയും പാറയുമല്ലാതെ ഒന്നും കണ്ടെത്താനായില്ല. ട്രക്കിന്റെ സാന്നിധ്യം പോലുമില്ലെന്ന് കര്‍ണാടക റവന്യൂമന്ത്രി അറിയിച്ചതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. റോഡിലെ 98ശതമാനം മണ്ണും നീക്കം ചെയ്തെന്ന് അറിയിച്ച മന്ത്രി ഇനി പ്രതീക്ഷ ഗംഗാവതിയുടെ ആഴങ്ങളിലാണെന്ന സൂചനയാണ് നല്‍കിയത്.
എന്നാല്‍ മലയാളിയായ രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്രയേലിയും ലോറി ഉടമ മനാഫും പക്ഷേ മന്ത്രിയുടെ വാക്കുകളെ ഖണ്ഡിച്ചു. അര്‍ജുനും ട്രക്കും റോഡില്‍ ഇനി നീക്കാനുള്ള മണ്ണില്‍ തന്നെ കാണുമെന്നായിരുന്നു ഇരുവരും പറഞ്ഞത്. ലോറിയിലുണ്ടായ തടിക്കഷ്ണങ്ങളുടെ സാന്നിധ്യം എവിടെയും കണ്ടെത്താനായില്ലെന്നതായിരുന്നു മനാഫ് പറഞ്ഞ ഒരു കാര്യം.ഇനി തിരച്ചില്‍ പുനരാരംഭിക്കുമ്പോള്‍ ഗംഗാവതിയെ കേന്ദ്രീകരിച്ചാകും രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുക. ആറു ദിവസം പിന്നിട്ടെങ്കിലും ലോറി ഉടമ മനാഫ് പറഞ്ഞതുപോലെ ആത്മധൈര്യവും കരുത്തും ആരോഗ്യവുമുള്ള അര്‍ജുന്‍ ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നെണീറ്റു വരണേയെന്നു മാത്രമാണ് ഇനിയുള്ള പ്രാര്‍ത്ഥന.