കുടുംബവും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരും റഡാറും നല്‍കിയ നിര്‍ദേശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും സൂചനകള്‍ക്കും അനുസരിച്ചാണ് ഇതുവരെയും മേഖലയില്‍ തിരച്ചില്‍ നടത്തിയത്. ഇന്നലെ വൈകിട്ട് തിരച്ചില്‍ അവസാനിപ്പിച്ചപ്പോഴും കരയില്‍ തന്നെയായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. അര്‍ജുന്‍ ലോറി നിര്‍ത്തിയിടാന്‍ സാധ്യതയുള്ള ഭാഗത്തേക്ക് റഡാര്‍ നല്‍കിയ സൂചനകളും പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ റഡാര്‍ നല്‍കിയ സൂചനകളിലൂടെ നടത്തിയ പരിശോധനയിലൊന്നും അര്‍ജുനേയോ ലോറിയോ കണ്ടെത്താനായില്ല. അതോടെ കരയില്‍ ഇനി അര്‍ജുനില്ലെന്ന് സൈന്യവും ഉറപ്പിച്ചു.
ഇന്നലെ കര്‍ണാടക റവന്യൂമന്ത്രി പറഞ്ഞത് പോലെ ഇനി സാധ്യത ഗംഗാവലിയുടെ ആഴങ്ങളിലാണ്. നാളെ മുതല്‍ പുഴ കേന്ദ്രീകരിച്ചാകും തിരച്ചില്‍ നടത്തുക.കനത്തമഴയും മണ്ണിടിച്ചിലും ഗംഗാവലിയെ ഉഗ്രരൂപത്തിലാക്കി മാറ്റിയ സാഹചര്യമാണിത്. ഏറ്റവും ഭീകരരൂപത്തില്‍ കലങ്ങിമറിഞ്ഞാണ് ഗംഗാവലി ഇപ്പോള്‍ കുത്തിയൊഴുകുന്നത്. അതു മാത്രമല്ല, മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗം കടലിനോട് ചേര്‍ന്നാണ് കിടക്കുന്നത് . കിലോമീറ്ററുകള്‍ പോയാല്‍ കടലാഴത്തിലേക്കാണ് ചെന്നുചേരുക.ഈ സാഹചര്യത്തില്‍ സ്കൂബ ഡൈവേഴ്സിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് നേരത്തേ ബോധ്യപ്പെട്ടതാണ് .പുഴയുടെ അടിത്തട്ട് കാണാന്‍ സാധിക്കാത്തതും മണ്‍കൂനകള്‍ നിറഞ്ഞു നില്‍ക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അര്‍ജുനുളപ്പെടെ മൂന്ന് പേര്‍ക്കായാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. അത്താണിയായവരെവിടെ എന്ന ഈ മൂന്ന് കുടുംബത്തിന്റെയും ചോദ്യത്തിന് മറുപടി കിട്ടുംവരെ തിരച്ചില്‍ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അക്കാര്യം കോഴിക്കോട് എംപിയുള്‍പ്പെടെയുള്ളവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. അപകടം നടന്ന സമയത്ത് പുഴയിലേക്ക് തെറിച്ചുപോയ ഏഴുപേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. ഒപ്പം ചായക്കട നടത്തിയ ലക്ഷ്മണ്‍നായിക്കിന്റേയും ഭാര്യയുടേയും മൂന്ന് മക്കളുടേയും മൃതദേഹം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ആ സമയത്ത് പുഴയിലേക്ക് തെറിച്ച ടാങ്കര്‍ലോറിയും വലിച്ചു കരകയറ്റിക്കഴിഞ്ഞു. ടാങ്കര്‍ലോറിയിലുണ്ടായിരുന്ന ഡ്രൈവറുടേയും സഹായിയുടേയും മൃതദേഹവും നേരത്തേ ലഭിച്ചു.
ഒരാളുടെ മൃതദേഹം ലഭിച്ചത് പുഴയുടെ 40കിലോമീറ്റര്‍ ദൂരത്തുനിന്നാണ്. അത്രയും വലിയ ഒഴുക്കുള്ള പുഴയാണിത്. അതിനാല്‍ തന്നെ ഏത് തരത്തില്‍ ഏത് ഭാഗത്താവും തിരച്ചില്‍ നടത്തുകയെന്നതാണ് ഇനി അറിയേണ്ടത്. സൈന്യം ദൗത്യം അവസാനിപ്പിച്ച് മടങ്ങിയതോടെ ഇനി ആരാവും തിരച്ചിലിന് നേതൃത്വം നല്‍കുക എന്ന ചോദ്യവും ബാക്കിയാവുകയാണ്.
നാലാള്‍ താഴ്ചയില്‍ വെള്ളമുള്ള കുത്തൊഴുക്കുള്ള പുഴയാണ് ഗാംഗാവാലി.ഈ സാഹചര്യങ്ങളില്‍ പുഴയുടെ അടിത്തട്ട് കാണാനാകില്ല. കലങ്ങിമറിഞ്ഞ് കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏത് തരത്തിലുള്ള തിരച്ചിലാണ് നടത്തുകയെന്നത് ഭരണകൂടമാകും ഇനി തീരുമാനിക്കുക. പുഴയിലെ തിരച്ചിലിനെക്കുറിച്ച് വിദഗ്ധരുടെ ഭാഗത്തുനിന്നുള്ള നിര്‍ദേശമനുസരിച്ചു മാത്രമേ തീരുമാനം ഭരണകൂടവും സ്വീകരിക്കാന്‍ സാധ്യതയുള്ളൂ. ഏഴാംദിനവും ഗംഗാവാലിക്കൊപ്പം കലങ്ങിമറിഞ്ഞ കണ്ണുകളോടെ ഉറ്റവനെ കാത്തിരിക്കുന്ന ആ ഭാര്യയ്ക്കും അച്ഛനെ നോക്കിയിരിക്കുന്ന ആ കുഞ്ഞിനും കുടുംബത്തിനും നല്‍കാന്‍ കൃത്യമായൊരു ഉത്തരമില്ലെന്നതാണ് വാസ്തവം.