ഗംഗാവാലി നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയ അർജുന്‍റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലായിരിക്കാമെന്ന് വിലയിരുത്തല്‍. കരയില്‍ നിന്നും 20 മീറ്റര്‍ അകലെ 15 അടി താഴെയായാണ് അര്‍ജുന്‍റെ ട്രക്ക് കിടക്കുന്നത്. ലഭ്യമാകുന്ന സിഗ്നലും ചിത്രങ്ങളും അനുസരിച്ചാണ് ട്രക്ക് തലകീഴായാണ് കിടക്കുന്നതെന്ന വിലയിരുത്തലില്‍ എത്തിയത്.
അര്‍ജുന്‍റെ ലോറിയില്‍ ധാരാളം മരത്തടികള്‍ ഉണ്ടായിരുന്നു. മരങ്ങള്‍ ഉള്ള ഭാരമേറിയ ഭാഗം താഴേയ്ക്കും ചക്രം വരുന്ന ഭാഗം മുകളിലേക്കുമായിട്ടാണ് വാഹനം കിടക്കുന്നത്. മുകളില്‍ നിന്ന് മണ്ണ് ഇടിഞ്ഞു വീഴുകയും വാഹനം പുഴയുടെ കരയോട് ചേര്‍ന്നു കിടക്കുന്ന ഭാഗത്തേയ്ക്ക് കുഴിയിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്. വീണ്ടും വാഹനത്തിനു മുകളില്‍ ശക്തമായ രീതിയില്‍ മണ്ണ് പതിച്ചിട്ടുള്ളതിനാല്‍ ചെളിയില്‍ താഴ്ന്നാണ് വാഹനം കിടക്കുന്നത്.
വാഹനത്തിനു മുകളിലുള്ള ചെളി നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബൂം യന്ത്രം ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്യുന്നത്. ഇന്ന് മറ്റൊരു യന്ത്രം കൂടെ സംഭവസ്ഥലത്തെത്തും. പിന്നീട് വാഹനത്തിലെയും സമീപ പ്രദേശത്തെയും ചെളി നീക്കം ചെയ്യും.
ഇന്ന് നാവികസേനയുടെ മുങ്ങല്‍ വിഗദ്ധര്‍ ബോട്ടുകളില്‍ വാഹനം കിടക്കുന്നതായി കണ്ടെത്തിയ പ്രദേശത്തിന്‍റെ സമീപത്തേയ്ക്ക് എത്തുകയും വാഹനത്തെ കരയിലേക്ക് ബന്ധിപ്പിക്കുന്ന തരത്തിലേക്ക് ഇരുമ്പുവടവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കും. വാഹനത്തില്‍ എവിടെയാണ് അര്‍ജുനുള്ളത് എന്നും പരിശോധിക്കും. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ഡ്രൈവര്‍ കാബിനുള്ളിലാണ് അര്‍ജുനുള്ളത്.
വാഹനം പുതിയ മോഡല്‍ ആണെന്നുള്ളത് വാഹനത്തില്‍ ചെളി കയറാനുള്ള സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ വളരെയധികം ആഘാതത്തിലെത്തിയ പാറ ഉള്‍പ്പെടെയുള്ള മണ്ണ് വാഹനത്തില്‍ ഇടിച്ച് വാഹനത്തിന്‍റെ ചില്ല് തകരാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ചെളി ഉള്ളില്‍ കടന്നിട്ടില്ലെങ്കില്‍ ഡോര്‍ തുറന്ന് അര്‍ജുനെ പുറത്തെത്തിക്കാന്‍ സാധിക്കുമോ എന്നു പരിശോധിക്കും. അതിന് സാധിക്കാതെ വന്നാല്‍ വാഹനം മുഴുവന്‍ ആയും പുറത്തെത്തിക്കും. സംഭവസ്ഥലത്തെ ചെളി പൂര്‍ണമായി നീക്കം ചെയ്ത് വാഹനം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്.