raos-naveen-protest-delhi

ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളംകയറി എറണാകുളം സ്വദേശി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിലാണ് ബേസ്മെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയിലേക്ക് വെള്ളം ഇരച്ചുകയറിയത്. കോച്ചിങ് സെന്‍റര്‍ ഉടമയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് ഓള്‍ഡ് രാജേന്ദ്ര നഗറിലെ റാവൂസ് സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററില്‍ അപകടമുണ്ടായത്. കനത്ത മഴയില്‍ അഴുക്കുചാല്‍ തകര്‍ന്ന് വെള്ളം കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. 

എറണാകുളം നീലേശ്വരം സ്വദേശി നെവിന്‍ ഡാല്‍വിന്‍, ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ്, തെലങ്കാന സ്വദേശി തന്യ സോണി എന്നിവരാണ് മരിച്ചത്. ലൈബ്രറിയിലേത് ബയോമെട്രിക് ഡോറായിരുന്നതിനാല്‍  വേഗത്തിൽ തുറക്കാനാകാതെ പോയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ബേസ്മെന്‍റിലെ വെള്ളം വറ്റിച്ചാണ് മൂന്നുപേരുടെയും മൃതദേഹം പുറത്തെടുത്തത്. കോച്ചിങ് സെന്റര്‍ ഉടമയേയും കോ ഓര്‍ഡിനേറ്ററേയും പൊലീസ് അറസ്റ്റ് ചെയ്തു. ജെ.എന്‍.യു. വിദ്യാര്‍ഥിയായ നെവിന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സിവില്‍ സര്‍വീസ് കോച്ചിങിന് എത്തിയിരുന്നു. അപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മജിസ്റ്റീരിയല്‍ അന്വേഷണത്തിന് മന്ത്രി അതിഷി ഉത്തരവിട്ടു. ബേസ്മെ‍ന്റില്‍ കാര്‍പാര്‍ക്കിങ്ങിന് മാത്രമാണ് അനുമതി ഉണ്ടായിരുന്നതെന്നും ലൈബ്രറി പ്രവര്‍ത്തിച്ചത് അനധികൃതമായെന്നും ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്രോയ് പറഞ്ഞു. 

ENGLISH SUMMARY:

Navin Dalvin, a Malayali, was among the three students who died in the flood at Ravus IAS Academy in Rajendranagar, Delhi.