ജംഷഡ്പുരിനടുത്ത് ഹൗറ–മുംബൈ മെയില്‍ പാളം തെറ്റി രണ്ട് മരണം. 20 പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ 3.45 ഓടെയാണ് ബറബാംബൂവില്‍ വച്ച് ട്രെയിനിന്റെ 18 കോച്ചുകള്‍ പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തെത്തിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു.
18 കോച്ചുകള്‍ പാളം തെറ്റിയതില്‍ 16 എണ്ണത്തിലാണ് യാത്രക്കാര്‍ ഉണ്ടായിരുന്നത്. പവര്‍ കാറും, പാന്‍ട്രി കാറുമാണ് പാളം മറ്റുള്ളവ. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികില്‍സ ലഭ്യമാക്കി ആശുപത്രിയിലേക്ക് മാറ്റിയതായി റെയില്‍വേ അറിയിച്ചു. അപകട കാരണം ഇതുവരേക്കും വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുള്ള സര്‍വീസുകളില്‍ പലതും റദ്ദാക്കുകയോ, വഴി തിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്. എറണാകുളത്ത് നിന്നുള്ള ടാറ്റ നഗര്‍ എക്സ്പ്രസ് ചക്രധര്‍പുറില്‍ യാത്ര അവസാനിപ്പിക്കും.
സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി റെയില്‍വേ ഹെല്‍പ്ലൈനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.