ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിന്‍റെയും സ്പെഷല്‍ ഡിജി വൈ.ബി.ഖുറാനിയയുടെയും സ്ഥാനം തെറിപ്പിച്ചത് ജമ്മുവിലെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളോ?. ബിഎസ്എഫ് അതിര് കാക്കുന്ന രാജ്യാന്തര അതിര്‍ത്തി വഴി ഭീകരരുടെ നുഴഞ്ഞുകയറ്റം വ്യാപകമെന്നാണ് വിലയിരുത്തല്‍. മറ്റ് സുരക്ഷാസേനാവിഭാഗങ്ങളുമായുള്ള ഏകോപനക്കുറവും സ്ഥാനചലനത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഈവര്‍ഷം ഇതുവരെ ജമ്മു മേഖലയിലെ രജൗറി, പൂഞ്ച്, റിയാസി, ഉദ്ദംപൂര്‍, കത്വ, ദോഡ എന്നീ ജില്ലകളിലായുണ്ടായ ഭീകരാക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത് 22 പേര്‍ക്ക്. 11 സുരക്ഷാസേനാംഗങ്ങളും ഒരു വില്ലേജ് ഡിഫന്‍സ് ഗാര്‍ഡും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. സൈന്യം കാക്കുന്ന നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറ്റം കുറഞ്ഞു. പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളെ സൈന്യത്തിന് തകര്‍ക്കാനുമായി.
എന്നാല്‍ ജമ്മുവില്‍ അതല്ല സ്ഥിതി, സര്‍വസന്നാഹത്തോടെ വിദഗ്ധ പരിശീലനം ലഭിച്ച മുപ്പതിലേറെ പാക് ഭീകരര്‍ ജമ്മു ഡിവിഷനില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തല്‍. ബിഎസ്എഫ് കാക്കുന്ന രാജ്യാന്തര അതിര്‍ത്തി വഴിയാണ് പാക് ഭീകരര്‍ നുഴഞ്ഞുകയറിയെത്തിയത്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കൊപ്പം മറ്റ് സുരക്ഷാസേനാവിഭാഗങ്ങളുമായുള്ള ഏകോപനക്കുറവും പ്രകടമായി. ബിഎസ്എഫിന്‍റെ തലപ്പത്തുള്ള രണ്ടുപേരെ ഒരുമിച്ച് നീക്കിയുള്ള കടുത്ത തീരുമാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ നിര്‍ബന്ധിതരാക്കിയത് ഈ വീഴ്ച തന്നെയെന്നാണ് വിലയിരുത്തല്‍.
കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ നിതിന്‍ അഗര്‍വാളിനെ കേരളത്തിലേക്ക് തിരിച്ചയച്ചപ്പോള്‍, സ്പെഷല്‍ ഡിജി വൈ.ബി.ഖുറാനിയയെ ഒഡീഷ കേഡറിലേക്കാണ് കേന്ദ്രം മടക്കിയത്. കഴിഞ്ഞവര്‍ഷം ജൂണില്‍ ചുമതലയേറ്റ ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിന് 2026 ജൂലൈ വരെ കാലാവധിയുണ്ടായിരുന്നു. ജമ്മു, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ 2,209 കിലോമീറ്റര്‍ പാക് അതിര്‍ത്തി കാക്കുന്ന ബിഎസ്എഫിന്‍റെ സ്പെഷല്‍ ഡിജിയായിരുന്നു വൈ.ബി.ഖുറാനിയ.