സെബി മേധാവി മാധബി ബുച്ചയെ വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിക്ഷേപ വിവരങ്ങള്‍ പുറത്തുവിടുമോ? സുതാര്യമായ അന്വേഷണത്തിന് തയാറാണോയെന്നും ചോദ്യം. മാധബിയുടെ വിശദീകരണം ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണെന്നും ഹിന്‍ഡന്‍ബര്‍ഗ്.
അദാനി ഗ്രൂപ്പിന്റെ വിദേശത്തെ കടലാസ് കമ്പനികളില്‍ മാധബി ബുച്ചയ്ക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ സഹിതം ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആരോപണത്തില്‍ സത്യത്തിന്റെ ഒരംശംപോലും ഇല്ലെന്നും വ്യക്തിഹത്യ നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും മാധവി ബുച്ചയും ഭര്‍ത്താവ് ധോവല്‍ ബുച്ചയും പറയുന്നു. നിക്ഷേപങ്ങളെല്ലാം പരസ്യപ്പെടുത്തിയതാണെന്നും ഇന്നലെ മാധവിബുച്ച വിശദീകരിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ പറയുന്ന നിക്ഷേപം 2015 ലേതാണ്. അന്ന് സെബിയുടെ ഭാഗമല്ല. മാധവി ബുച്ചയുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് പറഞ്ഞ അദാനി ഗ്രൂപ്പ് റിപ്പോര്‍ട്ട് നുണകളുടെ ആവര്‍ത്തനമെന്ന് കുറ്റപ്പെടുത്തുകയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍.
അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിനു പിന്നാലെ ഓഹരി വിപണിയിലേക്ക് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. റിപ്പോര്‍ട്ട് ഇന്ന് ഓഹരി വിപണിയില്‍ ചലനം സൃഷ്ടിച്ചേക്കും.