തിരുവനന്തപുരത്തു നിന്നുള്ള വിദ്യാര്‍ഥികളുമായി സംവദിച്ച് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കുട്ടികളോട് ചോദ്യങ്ങള്‍ ചോദിച്ചും ഉപദേശങ്ങള്‍ നല്‍കിയും ഒരു മണിക്കൂറോളം മന്ത്രി സമയം ചിലവിട്ടു. നെഹ്റു യുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ മന്‍ കി ബാത് ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്കാണ് കേന്ദ്രസഹമന്ത്രിമാരുമായി സംവദിക്കാനും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാനും അവസരമൊരുക്കിയത്.
ഡല്‍ഹിയിലെ യാത്രാ അനുഭവങ്ങള്‍ മന്ത്രി ചോദിച്ചതോടെ വാതോരാതെ വിവരണങ്ങളുമായി കുട്ടിക്കൂട്ടം മികവ് കാട്ടി. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പോലും മണിമണിയായി ഇംഗ്ലീഷില്‍ മറുപടി നല്‍കിയത് മന്ത്രിയെയും അദ്ഭുതപ്പെടുത്തി. ചരിത്രം പഠിക്കാന്‍ ഇഷ്ടമല്ലെങ്കിലും ചരിത്രസ്മാരകങ്ങള്‍ ഇഷ്ടമായെന്ന് ചിലര്‍. രാഷ്ട്രീയമോഹം ഉള്ളവരും മറച്ചുവച്ചില്ല. തിരുവനന്തപുരം ജില്ലയില്‍ നെഹ്റു യുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ മന്‍ കി ബാത് ക്വിസ് മല്‍സരത്തിലെ വിജയികള്‍ കേന്ദ്രമന്ത്രിമാരായ എസ്.ജയശങ്കര്‍, നിര്‍മല സീതാരാമന്‍, രാജ്നാഥ് സിങ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. മുന്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനൊപ്പമായിരുന്നു വിദ്യാര്‍ഥിസംഘം എത്തിയത്.