TOPICS COVERED

കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി ഗായിക കെ.എസ് ചിത്ര. ഡോക്ടറെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് അതിന്‍റെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടക്കുകയും ചെയ്ത വാര്‍ത്തകള്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് ചിത്ര സമൂഹമാധ്യമത്തില്‍ കുറിച്ചു. നിര്‍ഭയ സംഭവത്തേക്കാള്‍ ഭീകരമായ കുറ്റക‍ൃത്യമാണിതെന്നും ഓരോ ഇന്ത്യക്കാരനും സംഭവത്തില്‍ ലജ്ജിച്ച് മുഖം താഴ്ത്തണമെന്നും ഗായിക കൂട്ടിച്ചേര്‍ത്തു. 

വനിതാ ഡോക്ടറുടെ മരണത്തിനു കാരണക്കാരായവരെ എന്തുവിലകൊടുത്തും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അതിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ചിത്ര സമൂഹമാധ്യമ പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു. മരണപ്പെട്ട വനിതാ ഡോക്ടറുടെ ആത്മാവിനായി തലകുനിച്ച് പ്രാര്‍ഥിക്കുന്നതായും ഗായിക കുറിച്ചു.

ചിത്രയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിക്കുള്ളില്‍ വച്ച് വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള തുടർ ശ്രമങ്ങളും സംബന്ധിച്ച വാർത്തകൾ കണ്ട് നടുങ്ങിപ്പോയി. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ ഭീകരമായ കുറ്റകൃത്യം. കേസ് അന്വേഷണം പ്രധാനമന്ത്രിതന്നെ നേരിട്ട് നിരീക്ഷിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർഥിക്കുകയാണ്. വേർപിരിഞ്ഞ ആത്മാവിനായി തലകുനിച്ച് പ്രാര്‍ഥിക്കുന്നു

ഓഗസ്റ്റ് ഒമ്പതിനാണ് രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായ വാര്‍ത്ത പുറംലോകമറിയുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആ‍ർ‌ജി കാര്‍ മെഡിക്കൽ കോളേജ് ആന്റ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായെന്നും കണ്ടെത്തിയതോടെ രാജ്യവ്യാപക പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.