കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സിബിഐ കേസ്. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളിലാണ് അന്വേഷണം. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമാണ് മുഖ്യപ്രതി സഞ്ജയ് റോയ് ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി.
കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന് സിബിഐ ഡോ. സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക ക്രമക്കേടുകളിലെ അന്വേഷണം ഏറ്റെടുത്തത്. ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് ദിവസമാണ് സന്ദീപിനെ സിബിഐ ചോദ്യംചെയ്തത്.
മുഖ്യപ്രതി സഞ്ജയ് റോയ്, മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, കൊലപ്പെട്ട ഡോക്ടറുടെ സഹപാഠികളായ നാല് ഡോക്ടര്‍മാര്‍, സഞ്ജയ് റോയിക്കൊപ്പമുണ്ടായിരുന്ന ഒരു സിവിക് വോളന്‍റിയവര്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കി.
കേസില്‍ നിര്‍ണായകമായ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളിലായി മൂന്ന് തവണയാണ് സഞ്ജയ് റോയ് ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെത്തിയത്. കൃത്യം നടത്തിയ ഓഗസ്റ്റ് ഒന്‍പതാം തീയതി പുലര്‍ച്ചെ നാലുമണിക്കാണ് സഞ്ജയ് റോയ് ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ വിശ്രമിക്കാന്‍ പോയ സെമിനാര്‍ ഹാളിന്‍റെ വാതിലിന് പൂട്ടില്ലായിരുന്നുവെന്നും സഞ്ജയ് റോയ് ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുന്ന അരമണക്കൂര്‍ നേരം മറ്റാരെങ്കിലും സെമിനാര്‍ ഹാളിന് കാവല്‍നിന്നിരുന്നോ എന്നതുമടക്കമുള്ള വിഷയങ്ങള്‍ സിബിഐ പരിശോധിക്കുന്നു.