കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സഞ്ജയ് റോയിയടക്കം ഏഴുപേരുടെ നുണപരിശോധന തുടങ്ങി. സഞ്ജയ് റോയ് കൃത്യം നടത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷം. പ്രതി ആശുപത്രിയിലെത്തിയ ചിത്രം മനോരമ ന്യൂസിന് ലഭിച്ചു.
സഞ്ജയ് റോയ്, മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, കൊലപ്പെട്ട ഡോക്ടറുടെ സഹപാഠികളായ നാല് ഡോക്ടര്‍മാര്‍, സഞ്ജയ് റോയിക്കൊപ്പമുണ്ടായിരുന്ന ഒരു സിവിക് വോളന്‍റിയവര്‍ എന്നിവര്‍ക്കാണ് നുണപരിശോധന. ഡല്‍ഹിയില്‍നിന്നുള്ള സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറിയിലെ വിദഗ്ധരാണ് നുണപരിശോധന നടത്തുന്നത്. കേസില്‍ നിര്‍ണായകമായ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളിലായി മൂന്ന് തവണയാണ് സഞ്ജയ് റോയ് ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെത്തിയത്. ഓഗസ്റ്റ് എട്ടാംതീയതി രാവിലെ 11 മണിക്കും വൈകിട്ടും,,, കൃത്യം നടത്തിയ ഓഗസ്റ്റ് ഒന്‍പതാം തീയതി പുലര്‍ച്ചെ നാലുമണിക്കുമാണ് സഞ്ജയ് റോയ് ആശുപത്രിയിലെത്തിയത്. ജീൻസും ടി ഷർട്ടുമാണ് വേഷം. പൊലീസ് ഹെല്‍മറ്റ് കയ്യിലുണ്ട്. ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സെമിനാർ ഹാളിൽനിന്ന് പൊലീസ് കണ്ടെത്തിയ ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് സഞ്ജയ് റോയിയുടെ കഴുത്തിലും കാണാം. സെമിനാർ ഹാൾ സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ മൂന്നാംനിലയിൽ ഓഗസ്റ്റ് ഒൻപതാം തീയതി പുലർച്ചെ 04:03 മുതൽ 04:32 വരെ സഞ്ജയ് റോയ് ഉണ്ടായിരുന്നതായി വ്യക്തമായി. അതിനിടെ, മെഡിക്കല്‍ കോളജിലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം സിബിഐ ഏറ്റെടുത്തു.