സൗരവ് ഗാംഗുലിയുടെ മകള്‍ സഞ്ചരിച്ച കാറില്‍ ബസിടിച്ച് അപകടം. അപകടത്തിനു ശേഷം നിര്‍ത്താതെപോയ ബസ് പിന്തുടര്‍ന്ന് പിടികൂടി. കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍ ബഹാര ചൗരസ്ത മേഖലയില്‍വച്ചാണ് അപകടമുണ്ടായത്. ഗാംഗുലിയുടെ മകള്‍ സന പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്നും റൈച്ചക്കിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രൈവര്‍ സീറ്റിന് തൊട്ടടുത്ത് മുന്‍വശത്താണ് സന ഇരുന്നത്. അതിവേഗത്തില്‍ വന്ന ബസ് കാറിന്റ പിറകുവശത്ത് ഇടിക്കുകയായിരുന്നു. ഇടിച്ചിട്ടും നിര്‍ത്താതെ പോയ ബസിനെ സനയുടെ ഡ്രൈവര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സകേര്‍ ബസാറില്‍വച്ചാണ് ബസിനെ പിടികൂടാനായത്. പിന്നാലെ സന പൊലീസിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്.
ചെറിയ തോതിലുള്ള പ്രശ്നങ്ങളാണ് സനയുടെ കാറിന് സംഭവിച്ചതെന്നും നിലവില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. സൗരവ് ഗാംഗുലി–ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ലണ്ടനിലെ ഒരു സ്ഥാപനത്തിൽ കൺസൽട്ടന്റായി പ്രവര്‍ത്തിക്കുകയാണ് സന.