man-sitting-infront-of-road

TOPICS COVERED

കനത്ത മഴയില്‍ റോഡിനു നടുവില്‍ കസേരയിട്ടിരുന്ന യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തർപ്രദേശിലാണ് സംഭവം. തിരക്കേറിയ റോഡിനു നടുവില്‍ യുവാവ് കസേര ഇട്ടിരിക്കുന്നതും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കൈകാണിക്കുന്നതുമാണ് വിഡിയോ. 17 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വിഡിയോ.

റോഡില്‍ ഒരുപാട് നേരമായി യുവാവ് ഇരിക്കുകയായിരുന്നുവെന്നും ആരും അദ്ദേഹത്തെ മാറ്റാന്‍ തയാറായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വഴിയാത്രക്കാര്‍ പരിഹസിക്കുന്നുണ്ടെങ്കിലും യുവാവ് അത് കാര്യമാക്കാതെ റോഡില്‍ ഇരിക്കുന്നതു തുടരുകയായിരുന്നു. പെട്ടെന്നാണ് പുറകില്‍ നിന്നൊരു ട്രക്ക് വന്ന് യുവാവിന്‍റെ കസേരയില്‍ ഇടിക്കുന്നത്. യുവാവ് കസേരയില്‍ നിന്ന് തെറിച്ചു റോഡിലേക്ക് വീഴുന്നതും എന്നാല്‍ ട്രക്ക് സംഭവസ്ഥലത്ത് നിര്‍ത്താതെ പോകുന്നതുമെല്ലാം വിഡിയോയിലുണ്ട്. അപകടത്തില്‍ യുവാവിന് പരുക്കുകളൊന്നുമില്ല. എന്തിനാണ് ഇത്തരത്തില്‍ യുവാവ് റോഡിലിരുന്നത് എന്ന കാര്യം വ്യക്തമല്ല. 

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേ‌‌ഷണമാരംഭിച്ചു. യുവാവ്     മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ഇദ്ദേഹത്തെ വീട്ടുകാരുടെ പക്കല്‍ ഏല്പിച്ചെന്നും പൊലീസ് അറിയിച്ചു. വിഡിയോ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് കമന്‍റുമായി എത്തുന്നത്.