TOPICS COVERED

കനത്ത മഴയ്​ക്ക് പിന്നാലെ ഗുജറാത്തില്‍ ഒരു പ്രശ്​നമായി മാറിയിരിക്കുകയാണ് മുതലകള്‍. ഒഴുകിവന്ന മഴവെള്ളത്തിനൊപ്പം വിശ്വാമിത്രി നദിയാകെ മുതലകള്‍ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വഡോദരയിലെ ജനവാസകേന്ദ്രങ്ങളില്‍ നിന്നും 40 മുതലകളെയാണ് ഫോറസ്​റ്റ് ഡിപ്പാര്‍ട്ട്​മെന്‍റ് പിടിച്ചുകൊണ്ടുപോയി അതാത് ആവാസവ്യവസ്ഥകളിലേക്ക് തിരിച്ചയച്ചത്. 

ഇതിനിടയ്​ക്ക് ഒരു മുതലയെ സ്​ക്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോകുന്ന രണ്ട് യുവാക്കളുടെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വോളന്‍റിയര്‍മാരാണ് സ്​കൂട്ടറില്‍ മുതലയെ കൊണ്ടുപോകുന്നത്. മുതലയുടെ വായ ഇവര്‍ ടേപ്പ് കൊണ്ട് കെട്ടിവച്ചിട്ടുമുണ്ടായിരുന്നു. വഡോദരയില്‍ നിന്നും മൃഗങ്ങളെ കണ്ടെത്തുന്ന പ്രവര്‍ത്തനത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇരുവരും. മുതലകള്‍ക്ക് പുറമേ പെരുമ്പാമ്പ്, മൂര്‍ഖന്‍ പാമ്പുകള്‍, ഭീമന്‍ ആമകള്‍ എന്നിവയും ജനവാസമേഖലകളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 

എന്തായാലും മുതലകളെ സ്​കൂട്ടറില്‍ ചുമന്ന യുവാക്കള്‍ക്ക് കയ്യടി ഉയരുകയാണ്. യുവാക്കളുടെ ധൈര്യത്തെ ചിലര്‍ അഭിനന്ദിച്ചു. സ്വന്തം വളര്‍ത്തുമൃഗത്തെയെന്നതുപോലെയാണ് അവര്‍ മുതലയെ പിടിച്ചുകൊണ്ടുപോകുന്നതെന്നും ഒരാള്‍ കമന്‍റ് ചെയ്​തു. അതേസമയം മുതലയെ നദിയിലേക്ക് തന്നെ തിരികെ അയക്കൂവെന്നും ഒരാള്‍ കുറിച്ചു. 

ENGLISH SUMMARY:

A video of two youths carrying a crocodile on a scooter is circulating on social media