വാഹനങ്ങളോട് നമുക്ക് പലപ്പോഴും ആഴത്തിലുള്ള ആത്മബന്ധം ഉടലെടുക്കാറുണ്ട്. ഇഷ്ടപ്പെട്ട വാഹനങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിന്‍റെ പ്രയാസം ഏറെ നാള്‍ മനസില്‍ കൊണ്ടുനടക്കുന്ന ആളുകളുണ്ട് നമുക്ക് ചുറ്റം. എന്നാല്‍ 'ലക്കി കാറി'നോട് ഗുജറാത്തിലെ ഒരു കര്‍ഷക കുടുംബം വിടപറഞ്ഞ രീതിയാണ് ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. തങ്ങളുടെ പ്രിയപ്പെട്ട വാഹനത്തിനായി വമ്പന്‍ സംസ്കാര ചടങ്ങുകള്‍ സംഘടിപ്പിക്കുകയായിരുന്നു ഈ കുടുംബം.
1500ഓളം പേരാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. സഞ്ജയ് പോലാര എന്ന അംറേല സ്വദേശിയാണ് വിചിത്രമായ ചടങ്ങിലൂടെ കാറിനോട് വിടപറഞ്ഞത്. ഫാമില്‍ മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തി വാഹനം 15 അടി താഴ്ചയുള്ള കുഴിയില്‍ മൂടുകയായിരുന്നു ഈ കുടുംബം.
12 വര്‍ഷം പഴക്കമുള്ള വാഗണ്‍ ആര്‍ കാറിനോടാണ് കുടുംബം ഈ രീതിയില്‍ വിട പറഞ്ഞത്. സന്യാസിമാരും ആത്മീയ നേതാക്കളും ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഈ കാറിനെ കുറിച്ച് വരും തലമുറകളും ഓര്‍ക്കാന്‍ വേണ്ടിയാണ് ഇതുപോലെ വലിയൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് കുടുംബം പറയുന്നു. നാല് ലക്ഷം രൂപയാണ് ചടങ്ങുകള്‍ക്കായി ചെലവായത്.
'12 വര്‍ഷം മുന്‍പാണ് ഞാന്‍ ഈ കാര്‍ വാങ്ങിയത്. ഈ കാര്‍ ഭാഗ്യം കൊണ്ടുവന്നു എന്ന് കരുതുന്നു. കാര്‍ വീട്ടില്‍ വന്നശേഷം ബിസിനസ് മെച്ചപ്പെട്ടു. അതോടെ കുടുംബത്തിന് കാറിനോടുള്ള ബഹുമാനവും കൂടി. അതിനാല്‍ കാര്‍ പഴയതായപ്പോള്‍ വില്‍ക്കുന്നതിന് പകരം ഫാമില്‍ തന്നെ അടക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാര്‍ മൂടിയിടത്ത് ഒരു വൃക്ഷത്തൈ നടുമെന്നും കാറുടമ പറഞ്ഞു.