രാജ്യത്തെ തീവണ്ടി ഗതാഗത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റയില്‍വേ പുറത്തിറക്കി. ബെംഗളരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ട്രെയിനിന് ഇനി ട്രയല്‍ റണ്‍ കാലമാണ്. നിലവിലെ രാജധാനി ട്രെയിനുകളിലേക്കാള്‍ മികച്ച സൗകര്യങ്ങളും സുരക്ഷാ സംവിധാനവുമാണ് വന്ദോഭാരത് സ്ലീപ്പറില്‍.
ഇന്ത്യന്‍ റയില്‍വേയുടെ മാറുന്ന മുഖമാണിത്. കിതച്ചോടുന്ന ട്രെയിനുകളോടും പൊട്ടിപൊളിഞ്ഞ കോച്ചുകളോടും സമീപ ഭാവിയില്‍ തന്നെ നമ്മള്‍ ബായ് പറയും. യാത്ര സുഖവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള പ്രത്യേക രൂപകല്‍പന. ഓരോ ബര്‍ത്തിലും പ്രത്യേകം റീഡിങ് ലൈറ്റുകളും യു.എസ്.ബി പോര്‍ട്ടുകളും. ആരും കൊതിച്ചു പോകുന്ന മോഡുലാര്‍ കിച്ചനുകള്‍. ശുചിമുറിയില്‍ ചുടുവെള്ളം തുടങ്ങി മോഹിപ്പിക്കുന്ന സൗകര്യങ്ങളാണ് ഇന്നലെ പുറത്തിറക്കിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലുള്ളത്. മൂന്നുമാസത്തിനകം ട്രെയിന്‍ ട്രാക്കിലേറും
പത്തുദിവസത്തെ പരീക്ഷണ ഓട്ടം കൂടി പൂര്‍ത്തിയാക്കുന്നതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങും. മാസത്തില്‍ മൂന്നു ട്രെയിനുകള്‍ പുറത്തിറക്കാനാണു ലക്ഷ്യമിടുന്നത്. ഓരോ ട്രെയിനിലും 11 തേര്‍ഡ് എസി ,നാലു സെക്കന്‍ഡ് എ.സി. ഒരു ഫസ്റ്റ് ക്ലാസ് അടക്കം 16 കോച്ചുകളുമാണുള്ളത്.