പ്രതീകാത്മക ചിത്രം  (PTI)

പ്രതീകാത്മക ചിത്രം (PTI)

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലോഹ ഭാഗങ്ങള്‍ അടര്‍ന്ന് വീണു. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ വസന്ത്കുഞ്ജിലെ വീടിന്‍റെ മേല്‍ക്കൂരയിലേക്കാണ് ലോഹഭാഗങ്ങള്‍ വീണത്.  വീട്ടുടമസ്ഥന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. 

പൊലീസ് ഇക്കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വഴി IX-145 ഫ്ലൈറ്റിലെ പൈലറ്റുമാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ‌‌ വിമാനം തിരിച്ചിറക്കാന്‍ നിര്‍ദേശം നല്‍കി. ഇതോടെ ബഹ്റൈനിലേക്ക് പോകേണ്ടിയിരുന്ന വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. 

സെപ്റ്റംബര്‍ രണ്ടിന് ബഹ്റൈനിലേക്ക് പുറപ്പെട്ട IX145 വിമാനത്തില്‍ ടേക്ക് ഓഫിന് പിന്നാലെ എഞ്ചിന്‍ തകരാറ് കണ്ടെത്തിയിരുന്നു. വിമാനം തിരിച്ചിറക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നടപടികളും പാലിച്ചാണ് ലാന്‍ഡ് ചെയ്യിച്ചതെന്നും യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അതേസമയം വിമാനത്തിന്‍റെ എവിടെ നിന്നുള്ള ഭാഗമാണ് അടര്‍ന്ന് വീണതെന്നത് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്നും സംഭവത്തില്‍ ഡിജിസിഐ റിപ്പോര്‍ട്ട് തേടിയെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

ENGLISH SUMMARY:

Air India Express flight takes off at Delhi, its metal parts fell on the roof of house. DGCA initiates enquiry.