യെമന്‍ പൗരനായ യുവാവ് കൊലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ നിശ്ചലം. കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്‍മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകളാണ് വഴിമുട്ടിയത്. ഇന്ത്യന്‍ എംബസി നിയോഗിച്ച അഭിഭാഷകന്‍ അബ്ദുല്ല അമീര്‍ ചര്‍ച്ചകളാരംഭിക്കാന്‍ രണ്ടാംഗഡുവായി 20,000 യുഎസ് ഡോളര്‍ കൂടി (ഏകദേശം 16.60ലക്ഷം) ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടതായാണ് വിവരം.
ഈ തുക കൈമാറിയാലേ ചര്‍ച്ചകള്‍ തുടങ്ങുള്ളൂ. ആദ്യഗഡുവായി 19,871 ഡോളറിന്റെ ചെക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകനു കൈമാറിയിരുന്നു. ആകെ 40,000 യുഎസ് ഡോളറാണ് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ വേണ്ടതെന്നും ഇത് രണ്ടു ഗഡുവായി നല്‍കണമെന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു എന്ന നിലപാടിലാണത്രേ അഭിഭാഷകന്‍.
ആദ്യഗഡുതുക വിവിധ പ്രദേശങ്ങളിലെ ജനകീയ പിരിവുവഴി ശേഖരിച്ചതായിരുന്നു. ഈ തുക ഏത് രീതിയിലാണ് വിനിയോഗിച്ചതെന്നറിയാതെ ഏങ്ങനെയാണ് അടുത്ത ഗഡു ശേഖരിക്കുകയെന്നാണ് ധനശേഖരണത്തിനു മുന്‍കൈ എടുത്ത സേവ് നിമിഷപ്രിയ രാജ്യാന്തര ആക്ഷന്‍ കൗണ്‍സിലിലെ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. തലാലിന്റെ കുടുംബവും ഗോത്രത്തലവന്‍മാരും മാപ്പു നല്‍കാതെ നിമിഷപ്രിയയുടെ മോചനം സാധ്യമാകില്ല. ഇതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ യെമന്‍ തലസ്ഥാനമായ സനായിലെത്തിച്ചിട്ട് 5 മാസം പൂര്‍ത്തിയായി.
എത്തിയതിന്റെ പിറ്റേ ദിവസമാണ് അമ്മയ്ക്ക് നിമിഷയെ കാണാതായത്. സനായില്‍ സേവ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോമിന്റെ വസതിയിലാണ് പ്രേമകുമാരിയുള്ളത്. അന്നു കണ്ട ശേഷം പിന്നീട് പ്രേമകുമാരിക്ക് നിമിഷയെ കാണാനും സാധിച്ചിട്ടില്ല.