തിരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രമകലെ നില്‍ക്കെ, കേജ്‌രിവാളിന്റെ നീക്കത്തിന് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. കേജ്‌രിവാള്‍ ഉടന്‍ രാജിവയ്ക്കാതെ 48 മണിക്കൂര്‍ എടുക്കുന്നത് എന്തിനെന്നും എന്തെങ്കിലും കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാനുണ്ടോ എന്നും ബിജെപി ചോദിച്ചു. രാജി ധാര്‍മികതയെന്ന് പറയേണ്ടെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സെക്രട്ടേറിയറ്റില്‍ പോകരുതെന്നും ഫയലുകളില്‍ ഒപ്പ് വക്കരുതെന്നും മദ്യനയ അഴിമതി കേസില്‍ ജാമ്യം നല്‍കവെ സുപ്രീംകോടതി പറഞ്ഞതിനാല് ഗത്യന്തരമില്ലാതെയാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദം രാജിവക്കുന്നത് എന്നാണ് പ്രതിപക്ഷ വാദം. അതിന് 48 മണിക്കൂര്‍ എന്തിനെന്ന് ബിജെപി.
സര്‍ക്കാരിനെ പിരിച്ച് വിടണമെന്നും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറെന്നും ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ. രാഷ്ട്രീയ നാടകമാണെന്നും ചുമതലകള്‍ വഹിക്കാന്‍ കഴിയുന്ന മുഖ്യമന്ത്രിയെ ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.
ജയിലില്‍ കിടക്കുമ്പോള്‍ രാജിവക്കാതെ പുറത്ത് വന്ന് ധാര്‍മികതയുമായി കൂട്ടിക്കെട്ടേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും അധിര്‍ രഞ്ജന്‍ ചൗധരിയും വിമര്‍ശിച്ചു.