തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിന് ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില്‍ വിവാദം പുകയുന്നു. പന്നിക്കൊഴുപ്പുള്‍പ്പടെയുള്ളവയുടെ സാന്നിധ്യം നെയ്യില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നെയ്യ് വിതരണം നടത്തിയിരുന്ന കമ്പനിയെ മാറ്റി നന്ദിനിക്ക് വീണ്ടും കരാര്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ഇടപെട്ട് നല്‍കി. ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങി ഉപയോഗിക്കാന്‍ അനുവദിച്ചതോടെ തിരുപ്പതി ലഡ്ഡുവിന്‍റെ പവിത്രതയ്ക്കാണ് മുന്‍ സര്‍ക്കാര്‍ മങ്ങലേല്‍പ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു പ്രകാശം ജില്ലയിലെ പൊതുസമ്മേളനത്തിനിടെ ആദ്യം ആരോപിച്ചത്. തിരുപ്പതി ലഡ്ഡു ഉണ്ടാക്കുന്നതിന് കര്‍ണാടകയില്‍ നിന്ന് 'നന്ദിനി'യുടെ നെയ്യാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍ ലാഭം നോക്കി കമ്പനിമാറ്റിയപ്പോള്‍ ഗുണനിലവാരത്തില്‍ വലിയ വീഴ്ച വന്നു. വികാരം വ്രണപ്പെട്ടുവെന്ന് വിശ്വാസികള്‍ പറയുന്നു. പൊറുക്കാനാവാത്ത തെറ്റാണ് വരുത്തിയതെന്നും കുറ്റക്കാരെ വെറുതേ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിലോയ്ക്ക് 320–411 രൂപയെന്ന നിരക്കില്‍ നെയ്യെടുക്കാനായിരുന്നു ജഗന്‍ സര്‍ക്കാരിന്‍റെ കാലത്ത് കരാര്‍ നല്‍കിയിരുന്നത്. ഈ തുകയില്‍ എ.ആര്‍ ഫുഡ്സ് എന്ന കമ്പനിയാണ് തിരുപ്പതിയിലേക്കുള്ള നെയ്യ് എത്തിച്ചിരുന്നത്. ഗുണനിലവാരം കുറവാണെന്ന് പലതവണ പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നാണ് ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ പറയുന്നത്. നെയ്യുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ഷേത്രത്തില്‍ സംവിധാനമില്ലാത്തതാണ് വിതരണക്കാരന്‍ മുതലെടുത്തത്. നാല് ടാങ്കര്‍ നെയ്യ് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ടിടിഡി എക്സിക്യുട്ടീവ് ഓഫിസര്‍ ശ്യാമള റാവു വ്യക്തമാക്കി. തുടര്‍ന്ന് പരിശോധനയ്ക്കായി സാംപിളുകള്‍ എന്‍ഡിഡിബി ലാബില്‍ അയയ്ക്കുകയായിരുന്നു. അപ്പോഴാണ് പന്നിക്കൊഴുപ്പ്, പശുവിന്‍റെ കൊഴുപ്പ്, സോയ ബീന്‍, സൂര്യകാന്തിയെണ്ണ, പാമോയില്‍, മീനെണ്ണ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതെന്നും ടിടിഡി വക്താവ് അനം വെങ്കട്ട രാമണ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ജൂലൈ ഒന്‍പതിനാണ് പരിശോധനയ്ക്കായി സാംപിളുകള്‍ അയയ്ച്ചത്. ജൂലൈ 16ന് ആനന്ദിലെ ലാബില്‍ നിന്നും റിപ്പോര്‍ട്ടും ലഭിച്ചു.
അതേസമയം, ചന്ദ്രബാബു നായിഡു രാഷ്ട്രീയം വഴി തിരിച്ച് വിടുകയാണെന്നും മതവികാരം തനിക്കെതിരെ തിരിക്കാനുള്ള നീക്കമാണിതെന്നും ജഗന്‍ തിരിച്ചടിച്ചു. അധികാരത്തിലേറി 100 ദിവസമായിട്ടും വാഗ്ദാനങ്ങള്‍ നടപ്പിലാക്കത്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ജനങ്ങളില്‍ നിന്നുയര്‍ന്നിരുന്നു. ചന്ദ്രബാബു നായിഡുവിന്‍റെ 'സൂപ്പര്‍ സിക്സ്' വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ജനങ്ങള്‍ ചോദ്യമുയര്‍ത്താന്‍ തുടങ്ങിയതോടെ ജനശ്രദ്ധ തിരിച്ചുവിടാന്‍ മതവികാരം ഉപയോഗിക്കുന്നതാണെന്നും ലോകമെങ്ങുമുള്ള കോടിക്കണക്കിന് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും ജഗന്‍ ആവശ്യപ്പെട്ടു. സാംപിള്‍ പരിശോധനയ്ക്ക് നല്‍കുമ്പോഴും ഫലം വരുമ്പോഴുമെല്ലാം എന്‍ഡിഎ സര്‍ക്കാരാണ് ഭരിച്ചിരുന്നതെന്നും ജഗന്‍ തിരിച്ചടിച്ചു.
നെയ്യ് വിതരണക്കാരന്‍റെ വാദം ഇങ്ങനെ...
തമിഴ്നാട്ടില്‍ നിന്നുള്ള എ.ആര്‍ ഡയറി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയാണ് തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്കുള്ള നെയ്യ് വിതരണം ചെയ്തിരുന്നത്. ഗുണമേന്‍മയില്‍ ഒരു വീഴ്ചയും വരുത്താതെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നെയ്യ് തയ്യാറാക്കുന്നതെന്നും അക്രഡിറ്റഡ് ലാബുകളില്‍ നിന്ന് പരിശോധിച്ചതിന്‍റെ ഫലം ഉള്‍പ്പടെയാണ് വിതരണത്തിന് എത്തിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ജൂണിലും ജൂലൈയിലുമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് നല്‍കിയതെന്നും ഇത് കൃത്യമായി ഗുണനിലവാരം ഉറപ്പ് വരുത്തിയതാണെന്നും കമ്പനി ആവര്‍ത്തിച്ചു.
'നന്ദിനി' കരാറെടുക്കാതിരുന്നതെന്ത്?
തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് നല്‍കുന്നതിനുള്ള കരാര്‍ 2023 ല്‍ നന്ദിനി എടുത്തിരുന്നില്ല. കിലോയ്ക്ക് 400 രൂപ നിരക്കിലാണ് നന്ദിനി നെയ്യ് വിറ്റുവന്നിരുന്നത്. എന്നാല്‍ ഇതിലും കുറവ് പണത്തിന് മറ്റ് കമ്പനികള്‍ ടെന്‍ഡര്‍ പിടിക്കുകയായിരുന്നു. വില കുറച്ച് വില്‍ക്കേണ്ടി വന്നാല്‍ ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നുള്ളതിനാലാണ് അതിന് തയ്യാറാവത്തതെന്നും കര്‍ണാടക മില്‍ക് ഫെഡറേഷന്‍ വ്യക്തമാക്കുന്നു. മാത്രമല്ല, നെയ്യുടെ വില കുറയ്ക്കുന്നത് കര്‍ഷകരെയും ബാധിക്കുമെന്നും കെഎംഎഫ് വ്യക്തമാക്കി. ഒടുവില്‍ കഴിഞ്ഞ മാസമാണ് നന്ദിനിയുമായുള്ള കരാര്‍ ടിടിഡി പുനഃസ്ഥാപിച്ചത്.
തിരുപ്പതി ക്ഷേത്രത്തിലേക്ക് ഇതുവരെ നെയ്യ് നല്‍കിയിട്ടില്ലെന്ന് അമൂല്‍ സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. അമൂലാണ് തിരുപ്പതിയിലേക്ക് നെയ്യ് നല്‍കിയിരുന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം. അമൂലിന്‍റെ നെയ്യ് പൂര്‍ണമായും പാലില്‍ നിന്ന് മാത്രം ഉള്ളതാണെന്നും അതിന് ഐഎസ്ഒ അംഗീകാരമുള്ളതാണെന്നും പ്രസ്താവനയില്‍ പറയുന്നു. സ്വന്തം ഡയറികളില്‍ സംഭരിക്കുന്ന കൊഴുപ്പേറിയ പാലില്‍ നിന്നും ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നെയ്യ് നിര്‍മിക്കുന്നതെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.