ടാര്‍ഗറ്റ് തികയ്ക്കാനുള്ള നെട്ടോട്ടവും മേലുദ്യോഗസ്ഥരുടെ ഭീഷണിയും കാരണം ജീവനൊടുക്കി യുവാവ്. ജോലിഭാരം താങ്ങാനാവാതെയാണ് തരുണ്‍ സക്സേന എന്ന നാല്‍പ്പത്തിരണ്ടുകാരന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ഭാര്യയെയും മക്കളെയും വീട്ടിലെ മറ്റൊരു മുറിയിലിട്ട് പൂട്ടിയതിനു ശേഷം സക്സേന തൂങ്ങിമരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.
കഴിഞ്ഞ 45 ദിവസങ്ങളായി ടാര്‍ഗറ്റ് തികയ്ക്കാനുള്ള ഓട്ടമാണ്, ഉറക്കം പോലുമില്ല. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം താങ്ങാവുന്നതിലുമപ്പുറമാണ്. ഒപ്പം ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന ഭീഷണിയും. രണ്ടു മാസത്തോളമായി സാഹചര്യങ്ങള്‍ അത്രത്തോളം മോശമാണ്, അതുകൊണ്ട് ജീവനൊടുക്കാന്‍ തീരുമാനിച്ചു എന്ന കുറിപ്പ് എഴുതിവച്ചാണ് സക്സേന ആത്മഹത്യ ചെയ്തത്.
അച്ഛനും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് സക്സേന താമസിച്ചിരുന്നത്. വീട്ടില്‍ ജോലിക്കു നില്‍ക്കുന്നയാള്‍ എത്തിയപ്പോഴാണ് സക്സേന തൂങ്ങിനില്‍ക്കുന്ന കാഴ്ച കണ്ടത്. ഇയാളാണ് സക്സേനയുടെ ഭാര്യയെയും മക്കളെയും പൂട്ടിയിട്ടിരുന്ന മുറി തുറന്നതും സമീപത്ത് താമസിക്കുന്ന സഹോദരനെ വിവരം അറിയിച്ചതും. പൊലീസെത്തി വീട്ടില്‍ വിശദമായ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
ബജാജ് ഫിനാന്‍സില്‍ ഏരിയ മാനേജരായി ജോലി ചെയ്തിരുന്നയാളാണ് തരുണ്‍ സക്സേന. ഇ.എം.ഐ പിരിച്ചെടുക്കുന്നതില്‍ കമ്പനി ടാര്‍ഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. സാധാരണ കര്‍ഷകരുള്ള പ്രദേശത്താണ് സക്സേന ജോലിചെയ്തിരുന്നത്. കാർഷിക വിള നാശം മൂലം പലർക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പിരിച്ചുവിടുമെന്ന ഭീഷണി മേലുദ്യോഗസ്ഥരില്‍ നിന്നുണ്ടായി എന്നാണ് സക്സേന ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
കുട്ടികളുടെ ഈ വർഷത്തെ ഫീസ് മുഴുവൻ അടച്ചിട്ടുണ്ടെന്നും ഭാര്യയ്ക്കു വേണ്ടി എഴുതിയ കത്തിലുണ്ട്. 2 മേലുദ്യോഗസ്ഥരുടെ പേരുകൾ എടുത്തുപറഞ്ഞ് അവർക്കെതിരെ പൊലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം നടന്ന അന്നു രാവിലെ ആറുമണിക്ക് സക്സേനയും മേലുദ്യോഗസ്ഥരുമായി കോണ്‍ഫറന്‍സുണ്ടായിരുന്നു. അപ്പോഴും ഭീഷണി നേരിട്ടുവെന്ന് സക്സേനയുടെ ഒരു ബന്ധു പ്രതികരിച്ചു. കുടുംബം ഔദ്യോഗികമായി പരാതിപ്പെടുന്നപക്ഷം അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതല്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.