ഹരിയാനയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തിലും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലും പൊട്ടിത്തെറി. സ്ഥാനാർഥി നിർണയവും ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് പൂർണ അധികാരം നൽകിയതും പാളി എന്നാണ് പാര്‍ട്ടിയിലെ വിമര്‍ശനം. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തില്ലെന്ന് എ.എ.പി ആരോപിച്ചു. ഇവിഎം ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് ഉടന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും
ഹരിയാനയിലെ പരാജയം ഒരു തരത്തിലും വിശദീകരിക്കാനാകാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഇതിനിടെയാണ് പാർട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള വിമർശനം. സ്ഥാനാർഥി നിർണ്ണയം അപ്പാടെ പാളി എന്നും ഹൂഡക്ക് പൂർണ അധികാരം നൽകിയത് തിരിച്ചടിയായി എന്നും കിരൺ കുമാർ ചാമല MP ആരോപിച്ചു.
സന്തുലിതാവസ്ഥ പാലിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നാണ് ഹരിയാനയുടെ ചുമതല നേരത്തെ ഉണ്ടായിരുന്ന മുൻ ജനറൽ സെക്രട്ടിമാർഗരറ്റ് ആൽവയുടെ വിമർശനം. ഇന്ത്യ സഖ്യ പാർട്ടികളുടെ നിർദേശങ്ങൾ പരിഗണിച്ചിരുന്നു എങ്കിൽ വലിയ പരാജയം കോൺഗ്രസിന് ഒഴിവാക്കാമായിരുന്നു എന്നാണ് ഇന്ത്യ സഖ്യ പാർട്ടികളുടെ കുറ്റപ്പെടുത്തൽ. പത്തുവർഷമായി ഡല്‍ഹി നിയമസഭയിൽ പൂജ്യം സീറ്റുള്ള കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിൽ എ.എ.പി മൂന്ന് സീറ്റ് നൽകിയെന്നും ഹരിയാനയിൽ സഖ്യത്തിന് ശ്രമിച്ചിട്ടും കോൺഗ്രസ് തയ്യാറായില്ലെന്നും സഞ്ജയ് സിങ് വിമർശിച്ചു.