ചൈനയെ പരോക്ഷമായി വിമര്‍ശിച്ചും ലോക സമാധാനത്തിന് ആഹ്വാനം ചെയ്തും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണ ചൈന കടലില്‍ സമാധാനം ഉണ്ടാകണമെന്നും ഭീകരവാദത്തെ ഒന്നിച്ചെതിര്‍ക്കണമെന്നും മോദി ആഹ്വാനം ചെയ്തു. രണ്ടുദിവസത്തെ ലാവോസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.
ചൈനയെയോ പാക്കിസ്ഥാനെയോ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇരു രാജ്യങ്ങളെയും ഉന്നമിട്ടായിരുന്നു മോദിയുടെ പ്രസംഗം. ഇന്‍ഡോ പസഫിക് മേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൗത്ത് ചൈനാ കടലില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും ഉണ്ടാവണം. യു.എന്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം കടലിലെ ഇടപെടലുകള്‍. വികസനത്തിലായിരിക്കണം ലക്ഷ്യമെന്നും വിപുലീകരണത്തിലാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദവും സമാധാനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. മാനവികതയില്‍ വിശ്വസിക്കുന്നവര്‍ ഇതിനെതിരെ ഒന്നിക്കണമെന്നും മോദി.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ കെടുതി കൂടുതല്‍ അനുഭവിക്കുന്നത് ഗ്ലോബല്‍ സൗത്ത് ആണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ കൂട്ടായ പരിശ്രമം വേണം. രാജ്യങ്ങളുടെ അതിര്‍ത്തി, പരമാധികാരം, രാജ്യാന്തര നിയമങ്ങള്‍ എന്നിവ എല്ലാവരും പാലിക്കണമെന്നും മോദി പറഞ്ഞു. ലാവോസ് പ്രസിഡന്‍റ്, പ്രധാനമന്ത്രി, യു.എസ്.വിദേശകാര്യ സെക്രട്ടറി, തായ്ലന്‍ഡ് പ്രധാനമന്ത്രി എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.