കന്നഡ നടന്‍ കിച്ച സുധീപിന്റെ മാതാവ് സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഏഴുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഒരു ഫാമിലി മാന്‍ എന്നറിയപ്പെട്ട കിച്ചയുടെ അമ്മയുടെ വേര്‍പാടില്‍ ചലച്ചിത്ര മേഖലയ്ക്കകത്തു നിന്നും പുറത്തുനിന്നും അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. പെട്ടെന്നുള്ള മരണത്തില്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരും അനുശോചനം അറിയിക്കുന്നുണ്ട്.
ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നെങ്കിലും ദിവസങ്ങള്‍ക്കു മുന്‍പാണ് സരോജത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായത്. രാഷ്ട്രീയരംഗത്തു നിന്നും നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും അനുശോചനമറിയിക്കുന്നത്. അമ്മക്കൊപ്പമുള്ള കിച്ചയുടെ ചിത്രം പങ്കുവച്ച് ഡി കെ ശിവകുമാറും എക്സിലൂടെ അനുശോചനമറിയിച്ചു.