നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിമാനത്തില്‍ ബോംബ് സ്ക്വാഡിന്‍റെ പരിശോധന. നാല് മണിക്ക് ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനത്തിലാണ് പരിശോധന നടത്തുന്നത്. ഉച്ചയ്ക്ക് കൊച്ചിയില്‍ നിന്നുള്ള വിസ്താര വിമാനത്തിനും ഭീഷണിയുണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 22നും നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കായിരുന്നു ഭീഷണി. വിമാനങ്ങള്‍ പുറപ്പെട്ടശേഷമായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. 22ന് തന്നെ കോഴിക്കോട് –ജിദ്ദ വിമാനത്തിനും ഭീഷണിയുണ്ടായിരുന്നു. ഒക്ടോബര്‍ 21ന് കൊച്ചി മുംബൈ വിസ്താര വിമാനത്തിൽ യാത്രക്കാരനും വ്യാജ ബോംബ് ഭീഷണി മുഴക്കിയിരുന്നു. ദേഹ പരിശോധനയ്ക്കിടെയാണ് മനുഷ്യ ബോംബ് ആണെന്നും പരിശോധിക്കരുതെന്നും ഭീഷണി മുഴക്കിയത്. സിഐഎസ്എഫ് പരിശോധനയിൽ ബോംബ് കണ്ടെത്താത്തതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനെ നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു.

കൊച്ചിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൂടാതെ ഇടപ്പള്ളി ലുലു മാളിലും ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഉച്ചകഴിഞ്ഞാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും മാളിൽ വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമയച്ച ആളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Another bomb threat at Nedumbassery Airport. Following the threat, the bomb squad is inspecting an airplane that arrived from Delhi at 4 PM. There was also a threat concerning a flight from Kochi in the afternoon.