• ഡല്‍ഹി രോഹിണി CRPF സ്കൂളിന് മുന്‍വശത്തെ സ്ഫോടനം
  • ഉത്തരവാദിത്തമേറ്റെടുത്തുള്ള ഖലിസ്ഥാന്‍ സംഘടനയുടെ സ്ക്രീന്‍ ഷോട്ട് പുറത്ത്
  • ടെലഗ്രാമിലെ പോസ്റ്റ് ബോംബ് സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം

ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് മുൻവശത്തെ നാടൻ ബോംബ് സ്ഫോടനത്തിൽ ഖലിസ്ഥാൻ ബന്ധം കേന്ദ്രീകരിച്ച് അന്വേഷണം. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സഹിതം ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലഗ്രാം പോസ്റ്റിലാണ് സ്ഫോടനത്തിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ ഏജൻസികൾക്ക് ഞങ്ങളുടെ ആളുകളെ ലക്ഷ്യമിടാം എങ്കിൽ ഞങ്ങൾ എത്ര അടുത്താണ് എന്ന് ഓർത്തുകൊള്ളൂ എന്നും പോസ്റ്റിലുണ്ട്. എവിടെ വേണമെങ്കിലും ഏത് സമയത്ത് ആക്രമണം നടത്താൻ ശേഷിയുണ്ടെന്നും ഭീഷണി സ്വരത്തിൽ പറയുന്നു. ഇത് കേവലം അവകാശവാദം മാത്രമാണോയെന്നും മറ്റ് സംഘടനകൾക്ക്‌ ബന്ധമുണ്ടോ എന്നും വിവിധ ഏജൻസികൾ പരിശോധിക്കുന്നു. 

സിആർപിഎഫ് സ്കൂളിന് മുൻവശത്തുണ്ടായ സ്ഫോടനത്തിൽ സ്‌കൂൾ മതിലിനും സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങൾക്കും കാറിനും കേടുപാട്. സ്ഫോടന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ആളപായമുണ്ടാക്കുകയല്ല, മുന്നറിയിപ്പ് നല്‍കുകയാണ് സ്ഫോടന ലക്ഷ്യമെന്നാണ് വിവിധ അന്വേഷണ ഏജന്‍സികളുടെ നിഗമനം. 

രോഹിണി പ്രശാന്ത് വിഹാറിൽ സെക്ടർ 14ലെ സിആർപിഎഫ് സ്കൂളിന് മുൻവശത്താണ് ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ഉഗ്രസ്ഫോടനമുണ്ടായത്. രണ്ട് കിലോമീറ്റർ ദൂരെവരെ സ്ഫോടനശബ്ദം കേട്ടു, വലിയ പ്രകമ്പനവും അനുഭവപ്പെട്ടു. പുകപടലങ്ങൾ ഉയർന്നു. ഭക്ഷണശാലയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായതെന്നും രണ്ട് കിലോമീറ്റർ അകലെയുള്ള പാർക്കിൽ പോലും ശബ്ദം കേട്ടെന്നും സമീപവാസികൾ. 

ഐഇഡിയല്ല, ക്രൂഡ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. കൂടുതല്‍ അളവില്‍ സ്ഫോടക വസ്തുക്കളുണ്ടായിരുന്നു. കുഴിയെടുത്തും മണ്ണിന്‍റെ സാംപിളുകള്‍ ശേഖരിച്ചു. സ്ഫോടന സ്ഥലത്തുനിന്ന് വെളുത്തപൊടി ലഭിച്ചിട്ടുണ്ട്. ടെലഗ്രാമടക്കം സമൂഹമാധ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം. കേന്ദ്ര ആഭ്യന്തരമന്ത്രലായം ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണം സ്പെഷല്‍ സെല്ലില്‍നിന്ന് എന്‍ഐഎ ഏറ്റെടുക്കും.