എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഔദ്യോഗിക വസതിയിലെത്തിയാണ് മൊഴിയെടുക്കുക. ഇതിനായി ജില്ലാ കലക്ടറുടെ സമയം തേടിയിട്ടുണ്ട്. ഇന്നലെ അവധിയായതിനാല്‍ മൊഴിയെടുപ്പ് നടന്നിരുന്നില്ല. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് നടക്കുക. അതേസമയം, പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വൈകും. ഇന്ന് കേസ് നമ്പര്‍ ലഭിച്ച ശേഷം പൊലീസിനോടും പ്രോസിക്യൂഷനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണ് നടക്കുക. ഹര്‍ജിയില്‍ നവീന്‍റെ കുടുംബവും ഇന്ന് കക്ഷിചേര്‍ന്നേക്കും. Also Read: ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

അതിനിടെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട പി.പി ദിവ്യയ്ക്ക് പൊലീസ് സംരക്ഷണ കവചമൊരുക്കുകയാണെന്ന വിമര്‍ശനവും ശക്തമാണ്. കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലും കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറായില്ല. സൈബര്‍ ആക്രമണമെന്ന ദിവ്യയുടെ ഭര്‍ത്താവിന്‍റെ പരാതിയില്‍ ഉടനടി കേസെടുക്കാന്‍ പൊലീസ് തിടുക്കം കാട്ടുകയും ചെയ്തു. എഡിഎമ്മം മരിച്ച് മൂന്നാംനാളാണ് ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. അതും ബന്ധുക്കളുടെ പരാതി കിട്ടിയതിന് ശേഷം. 

ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ടിട്ടും ദിവ്യയെ കുറിച്ച് പൊലീസിന് ഒന്നും അറിയേണ്ട. ചോദ്യം ചെയ്യാന്‍ താല്‍പര്യമില്ല. മുന്‍കൂര്‍ജാമ്യം കിട്ടുമെങ്കില്‍ കിട്ടട്ടെയെന്ന നിലപാടിലാണ് അന്വേഷണസംഘം. മുന്‍കൂര്‍ ജാമ്യ നീക്കം പൊലീസിന് നേരത്തെ അറിയാമായിരുന്നു. പ്രതീക്ഷിച്ച പോലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് ശേഷം ദിവ്യ വീട്ടില്‍ നിന്നും മാറി. അപ്പോഴും പൊലീസിന് കുലുക്കമില്ല. ജാമ്യാപേക്ഷ കോടതിയിലിരിക്കുമ്പോഴും അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ പൊലീസിന് നടപടിയിലേക്ക് കടക്കാമായിരുന്നു. എന്നിട്ടും അതിന് ശ്രമമുണ്ടായില്ല. 

കഴിഞ്ഞ ദിവസം ടൗണ്‍ പൊലീസ് സ്റ്റേഷന്‍റെ നേരെ മുമ്പിലുള്ള ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ദിവ്യ രഹസ്യമായെത്തി രാജിക്കത്ത് നല്‍കി മടങ്ങി. മൂക്കിന്‍ തുമ്പത്ത് വന്നുനിന്ന ദിവ്യയെ തൊടാന്‍ തയ്യാറാകാതിരുന്നതും പൊലീസിന്‍റെ വഴിവിട്ട നീക്കം വ്യക്തമാക്കുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം ഭര്‍ത്താവിന്‍റെ പരാതിയില്‍ കണ്ണപുരം പൊലീസ് കേസെടുത്തത്. പ്രതിയുടെ ഭര്‍ത്താവിന്റെ പരാതി കിട്ടിയ ഉടന്‍ കേസെടുക്കുന്ന പൊലീസ് പ്രതിക്കെതിരെ ചെറുവിരല്‍ അനക്കാത്തതാണ് വലിയ വൈരുദ്ധ്യം.

ENGLISH SUMMARY:

Kannur Collector's statement will be recorded today in ADM Naveen Babu death case.