hospital-bed

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് ഭര്‍ത്താവിനെ കിടത്തിയിരുന്ന ആശുപത്രി കിടക്ക വൃത്തിയാക്കിച്ച സംഭവത്തില്‍ വിമര്‍ശനം കടുക്കുന്നു. മധ്യപ്രദേശിലാണ് സംഭവം. വെടിയേറ്റ് ആശുപത്രിയില്‍ എത്തിച്ച ശിവരാജ് എന്നയാളുടെ ഭാര്യയ്ക്കാണ് ഈ ദുര്‍വിധിയുണ്ടായത്. ആശുപത്രി കിടക്കയില്‍ പടര്‍ന്ന രക്തക്കറ ഇയാളുടെ ഭാര്യ രോഷ്ണിയെക്കൊണ്ടാണ് തുടപ്പിച്ചത്.

ഡിന്‍ഡോറി ജില്ലയിലെ ലാല്‍പുര്‍ സ്വദേശികളായ നാലുപേര്‍ക്ക് കഴിഞ്ഞ ദിവസം വെടിയേറ്റിരുന്നു. അച്ഛനും മൂന്നു മക്കളുമായിരുന്നു ഇത്. സ്ഥലത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തിലാണ് നാലുപേര്‍ക്ക് വെടിയേറ്റത്. ശിവരാജിന്‍റെ അച്ഛനും ഒരു സഹോദരനും സംഭവസ്ഥത്തു തന്നെ മരണപ്പെട്ടു. ശിവരാജിനെയും രാംരാജിനെയും സമീപത്തെ ഗഡസാറൈ ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇവിടെവച്ചാണ് ശിവരാജ് മരണപ്പെട്ടത്. ആശുപത്രി കിടക്ക നിറയെ ചോരയായിരുന്നു.

ഒരു കയ്യില്‍ ചോരക്കറ പുരണ്ട വസ്ത്രവും മറുകയ്യില്‍ ടിഷ്യൂ പേപ്പറുമായി ആശുപത്രി കിടക്ക വൃത്തിയാക്കുന്ന രോഷ്ണിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളും കടുത്തു. രോഷ്ണിയുടെ സമീപത്ത് ഒരു കുട്ടി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. ഇതോടെ വിഷയത്തില്‍ പ്രതികരണവുമായി അധികൃതര്‍ രംഗത്തെത്തി. തെളിവെടുപ്പിന്‍റെ ഭാഗമായാണ് രോഷ്ണിയെക്കൊണ്ട് കിടക്ക തുടപ്പിച്ചത് എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ രോഷ്ണിക്കു സമീപമുണ്ടായിരുന്നു. അവരാരും പറഞ്ഞിട്ടല്ല രോഷ്ണി കിടക്ക വൃത്തിയാക്കിയത്. സംഭവത്തില്‍ യുവതിയോ കുടുംബമോ പരാതിയുമായി രംഗത്തെത്തിയിട്ടില്ല എന്നാണ് ഡോക്ടര്‍ ചന്ദ്രശേഖര്‍ സെഖാം പറഞ്ഞത്. സ്ഥലത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ ഗഡാസറൈ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലക്കുറ്റം, ആയുധം കൈവശം വച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഏഴുപേര്‍ക്കെതിരെയാണ് കേസ്. ചിലര്‍ കസ്റ്റഡിയിലായതായും സൂചനകളുണ്ട്.

ENGLISH SUMMARY:

A woman who was five months pregnant was allegedly made to clean the blood from the hospital bed on which her husband had died after being shot at in Madhya Pradesh.