ഉത്തർപ്രദേശ് ഝാൻസി ആശുപത്രിയിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. സ്വിച്ച് ബോര്ഡില് നിന്നുള്ള തീപൊരിയാണ് അപകടകാരണം. സംഭവ സമയത്ത് NICU വാര്‍ഡില്‍ ഉണ്ടായിരുന്ന 8 ല്‍ അധികം സ്റ്റാഫുകള്‍ തീ അണക്കാന്‍ ശ്രമിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് കൂടി മരിച്ചത് പൊള്ളലേറ്റല്ല വളര്‍ച്ചയെത്താതെയുള്ള ജനനം മൂലമാണെന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ വാദം.
ഝാൻസി ആശുപത്രിയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെല്ലാം തള്ളുന്നതാണ് കമ്മീഷണര്‍ വിപുല്‍ ദുബൈയും ഡിഐജി കലാനിധി നൈതാനിയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള പ്രാഥമിക റിപ്പോര്‍ട്ട്. ഗൂഢാലോചന സംശയിക്കുന്നില്ല. സ്വിച്ച് ബോര്ഡില് നിന്നുള്ള തീ പൊരി മെഡിക്കല്‍ ഉപകരണങ്ങളിലെ പ്ലാസ്റ്റിക്ക് ഭാഗങ്ങളിലേക്ക് പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. സംഭവ സമയത്ത് രണ്ട് ഡോക്ടര്‍മാരും ആറ് നഴ്സുമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും NICU വാര്‍ഡില്‍ ഉണ്ടായിരുന്നു. ഇവര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പൊള്ളലേറ്റതോടെ പിന്‍മാറി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി യുപി സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.
മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിർദേശം. അതേസമയം തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് കൂടി മരിച്ചു. ഇതോടെ ആകെ മരിച്ച കുഞ്ഞുങ്ങള്‍ 11ആയി. കുഞ്ഞിന്റെ മരണം പൊള്ളലേറ്റല്ല വളര്‍ച്ചയെത്താതെയുള്ള ജനനം മൂലമാണെന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ വാദം. കുടുംബം ഇത് തള്ളിയിട്ടുണ്ട്. ഏഴു കുഞ്ഞുങ്ങളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.