background-of-indian-constitution-explainer

ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് നമ്മുടേത്. ഇന്ത്യയെന്ന രാജ്യത്തിനായി ഒരു വിശുദ്ധ പുസ്തകമുണ്ടെങ്കില്‍ അത്  ഭരണഘടനയാണ്. ജനാധിപത്യത്തിന്‍റെ മാര്‍ഗതാരമായ ഈ പുസ്തകത്തിനും അത് തയാറാക്കിയ പ്രയത്നത്തിനും അപൂര്‍വതകള്‍ ഏറെയുണ്ട്.

 

"ഭരണഘടന അഭിഭാഷകരുടെ കയ്യിലെ വെറും പ്രമാണമല്ല. അത് ജീവിതത്തെയും അതിന്റെ അന്തഃസത്തയെയും വഹിക്കുന്നതും കാലത്തിന്റെ ചൈതന്യവുമാണ്. " ഭരണഘടനാ ശില്‍പി ഡോ. ബി.ആർ.അംബേദ്കറുടെ വാക്കുകളിലെ ആ ചൈതന്യം യാഥാര്‍ഥ്യമാക്കാനാണ് ഭരണഘടനാ നിര്‍മാണ സഭ അക്ഷീണം പ്രയത്നിച്ചത്.

പഴയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ സെന്‍ട്രല്‍ ഹാളില്‍ 1946 ഡിസംബർ 9നു രാവിലെ 11നു രാവിലെ ആ ദൗത്യം ആരംഭിച്ചു.അവിഭക്ത ഇന്ത്യയിലെ അന്നത്തെ ജനസംഖ്യ നോക്കി പത്തുലക്ഷം പേര്‍ക്ക് ഒന്ന് എന്ന ഏകദേശ അനുപാതത്തില്‍ സീറ്റുകള്‍. ആകെ 389 പേര്‍.

ഇന്ത്യാ വിഭജനത്തോടെ സീറ്റെണ്ണം 299 ആയി. ഭരണഘടനാനിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ എളുപ്പമാക്കാൻ 8 പ്രധാന കമ്മിറ്റികളും ഒട്ടേറെ ഉപകമ്മിറ്റികളും . ഡ്രാഫ്റ്റിങ് കമ്മിറ്റിയെ ഡോ. ബി.ആർ.അംബേദ്കർ നയിച്ചു. അറുപതോളം രാജ്യങ്ങളുടെ ഭരണഘടനകൾ പരിശോധിച്ചു.  ഇന്ത്യക്കു വേണ്ടത് കേന്ദ്രീകൃത സര്‍ക്കാരോ വികേന്ദ്രീകത ഗവണ്‍മെന്റോ, കേന്ദ്ര–സംസ്ഥാന ബന്ധം എങ്ങനെ വേണം, നീതിന്യായ വിഭാഗത്തിന്‍റെ റോളെന്ത് തുടങ്ങിയ അടിസ്ഥാന നയങ്ങളിൽ വലിയ ചർച്ചകൾ സഭയിൽ നടന്നു.

കൃത്യമായി പറഞ്ഞാല്‍ 2 വർഷം 11 മാസം 17 ദിവസം കൊണ്ട് ഭരണഘടന തയാറായി. ആകെ 166 ദിവസങ്ങൾ യോഗം ചേർന്നു. 11 സെഷനുകൾ .  തയാറാക്കിയ ഘട്ടത്തിലെ ഭരണഘടനയിൽ ആമുഖം, 395 വകുപ്പുകൾ, 22 അധ്യായങ്ങൾ, 8 പട്ടികകൾ, 1,45,000 വാക്കുകൾ എന്നിവ ഉൾപ്പെട്ടിരുന്നു.  64 ലക്ഷം രൂപയാണ് ഭരണഘടനാ നിർമാണത്തിനു ചെലവായത്. 1949 നവംബർ 26 ന് കെ.എം.മുൻഷിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഇന്ത്യയുടെ രാഷ്ട്രീയജാതകം'  തയാറായി. ദക്ഷിണാഫ്രിക്കയിൽനിന്ന് സ്വീകരിച്ച ഭേദഗതിയെന്ന ആശയവും ഭരണഘടനയുടെ ഭാഗമായിരുന്നു. 

സമത്വം, അഭിപ്രായസ്വാതന്ത്ര്യം, സ്വത്തിനുള്ള അധികാരം എന്നീവയുള്‍പ്പെടെയുള്ള മൗലികാവകാശങ്ങൾക്കായാണ് ഒന്നാം ഭേദഗതി കൊണ്ടുവന്നത്. 33 ശതമാനം വനിതാ സംവരണത്തിനായി  2023ൽ നിലവിൽ വന്ന 106–ാം ഭരണഘടനാ ഭേദഗതിയാണ്  ഏറ്റവും ഒടുവിലത്തേത്.  ഒരു തവണ മാത്രം ആമുഖം ഭേദഗതി ചെയ്തു. 1976 ഡിസംബർ 18നു സോഷ്യലിസവും മതനിരപേക്ഷതയും അഖണ്ഡതയും കൂട്ടിച്ചേര്‍ത്തു. 

ഭരണഘടന മാത്രമല്ല, അതിന്‍റെ നിര്‍മിതിയിലേക്ക് നടന്ന ചര്‍ച്ചകളും ജനാധിപത്യത്തിന്‍റെ മാര്‍ഗദീപമായി നമുക്കു മുന്നിലുണ്ട്. ഭരണഘടനാ സഭയിൽ നടത്തിയ അവസാന പ്രസംഗത്തിലെ അംബദ്ക്കറുടെ വാക്കുകള്‍ തന്നെ ഉദാഹരണം– 

" മറ്റേതു രാജ്യത്തെക്കാളുമേറെ ഇന്ത്യയിൽ 'ഭക്തി' അഥവാ വ്യക്തിപൂജ രാഷ്ട്രീയത്തിൽ വമ്പിച്ച പങ്കുവഹിക്കുന്നുണ്ട്. മതത്തിനുള്ളിൽ ഭക്തി ആത്മാവിനു മോക്ഷം നേടാനുള്ള മാർഗമായിരിക്കാം. എന്നാൽ, രാഷ്ട്രീയത്തിൽ ഭക്തി അഥവാ വീരാരാധന തകർച്ചയിലേക്കും അവസാനം സ്വേഛാധിപത്യത്തിലേക്കും  എത്തിക്കുമെന്നുറപ്പാണ്..."

Google News Logo Follow Us on Google News

ENGLISH SUMMARY:

Background of Indian Constitution