TOPICS COVERED

കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിച്ചത് മൂന്നിരട്ടിയോളം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ എന്‍എസ്ജിയടക്കം ഏഴ് സേനാ വിഭാഗങ്ങളിലെ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണമാണ് വര്‍ധിച്ചത്. അസം റൈഫിള്‍സിലും മറ്റ് അര്‍ധ സൈനിക വിഭാഗങ്ങളിലുമായി 2025ല്‍ 4,138 വനിതകളെക്കൂടി റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. 2014ല്‍ 15,449 വനിതകളാണ് സിഎപിഎഫ് അഥവാ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2024ല്‍ അത് 42,190 ആയി ഉയര്‍ന്നു. അതായത് അംഗങ്ങളുടെ എണ്ണം 10 വര്‍ഷത്തിനിടെ മൂന്നിരട്ടിയോളം വര്‍ധിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ത റായ് ലോക്സഭയെ അറിയിച്ചതാണ് ഈ വിവരം. എങ്കിലും ഇപ്പോഴും വെറും 4.4 ശതമാനം വനിതകള്‍ മാത്രമാണ് കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളിലുള്ളത്. ഏഴ് സേനാവിഭാഗങ്ങളിലുമായി ആകെ 9.48 ലക്ഷം കേന്ദ്രസേനയുണ്ട്.

വനിതകളുടെ എണ്ണം ഓരോ സേനകള്‍ തിരിച്ച്

  • സിഐഎസ്എഫ് : 1.51 ലക്ഷം ഉദ്യോഗസ്ഥരുള്ള സിഐഎസ്എഫില്‍ 7.02 ശതമാനം വനിതകളുണ്ട്. മറ്റേത് കേന്ദ്രസേനയെക്കാളും കൂടുതല്‍ വനിതകളുള്ളത് സിഐഎസ്എഫിലാണ്.
  • എസ്എസ്ബി : സശസ്ത്ര സീമാ ബല്ലില്‍ 4.43 ശതമാനം വനിതകളുണ്ട്
  • ബിഎസ്എഫ് : അതിര്‍ത്തി സംരക്ഷണസേനയുടെ ആകെ അംഗബലത്തിന്‍റെ 4.41 ശതമാനമാണ് വനിതകള്‍
  • ഐടിബിപി : ഇന്തൊ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ 4.05 ശതമാനം വനിതകളാണുള്ളത്
  • അസം റൈഫിള്‍സ് : 4.01 ശതമാനം വനിതകളാണ് അസം റൈഫിള്‍സിലുള്ളത്
  • സിആര്‍പിഎഫ് : ആകെ അംഗബലത്തിന്‍റെ 3.38 ശതമാനം വനിതകളാണ് സിആര്‍പിഎഫിലുള്ളത്

ഈ വര്‍ഷം ഇതുവരെ 835 വനിതകളെയാണ് കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളിലേക്കും അസം റൈഫിള്‍സിലേക്കുമായി റിക്രൂട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളിലുള്ള വനിതകളുെട എണ്ണം 2,63,762 ആണ്.