TOPICS COVERED

കളര്‍കോട് അപകടവും ദേശീയപാത വികസനവും ലോക്സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍.  റോഡപകടങ്ങള്‍ തടയാന്‍ നിയമം കര്‍ശനമാക്കുമോയെന്ന് കെ.സി.വേണുഗോപാല്‍ ചോദിച്ചു.പൊതുജനങ്ങള്‍ സഹകരിച്ചാലെ നിയമം നടപ്പാക്കാനാവു എന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മറുപടി നല്‍കി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രിയെ കാണുമെന്നും ഗഡ്കരി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുമായി കോണ്‍ഗ്രസിന് ബന്ധമെന്ന ഭരണപക്ഷ ആരോപണം ലോക്സഭയിലും രാജ്യസഭയിലും ബഹളത്തിനിടയാക്കി

ചോദ്യോത്തര വേളയിലാണ് ആലപ്പുഴ കളര്‍കോട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിക്കാനിടയായ അപകടം കെ.സി.വേണുഗോപാല്‍ കേന്ദ്ര ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. റോഡ് സുരക്ഷാ നിയമം പാസാക്കിയെങ്കിലും അത് വേണ്ട രീതിയില്‍ നടപ്പാക്കാന്‍ നടപടിയില്ലെന്ന് കെ.സി. 

പൊതുജനങ്ങള്‍ സഹകരിച്ചാലെ അപകടങ്ങള്‍ കുറയ്ക്കാനാവു എന്ന് നിതിന്‍ ഗഡ്കരിയുടെ മറുപടി. ബ്ലാക്ക് സ്പോട്ടുകള്‍ ഒഴിവാക്കാന്‍ 40,000 കോടി അനുവദിച്ചെന്നും മന്ത്രി. അങ്കമാലി– തിരുവനന്തപുരം, കൊച്ചി തേനി പാതകളിലെ പുരോഗതിയെ കുറിച്ച് ഡീന്‍ കുര്യാക്കോസ് ചോദ്യം ഉന്നയിച്ചു. DPR തയാറാക്കുകയാണെന്നു പറഞ്ഞ നിതിന്‍ ഗഡ്കരി നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അറിയിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെ വിദേശത്ത് സോറോസ് ഫൗണ്ടേഷന്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തുന്നുവെന്നും രാഹുല്‍ ഗാന്ധി അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നും ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞത് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷത്തിന്‍റെ വന്‍ പ്രതിഷേധത്തിന് കാരണമായി.  

ENGLISH SUMMARY:

Kalarcode accident and national highway development in Lok sabha