‘ഡാ പൊന്നുമോനെ.., ഇതിനാണോ നീ ഉറക്കമിളച്ചു പഠിച്ചത്, ഇനി നിനക്ക് എപ്പോഴും ഉറങ്ങാമല്ലോ’, നെഞ്ച് പൊട്ടി ആൽവിന്‍റെ അമ്മ മീന അലറി വിളിച്ചപ്പോള്‍ ഒരു നാട് ഒന്നാകെ ആ സങ്കടത്തില്‍ അലിഞ്ഞു, വെള്ളക്കുപ്പായമിട്ടു രോഗികളെ പരിചരിക്കുന്നതു സ്വപ്നം കണ്ട മുറ്റത്തേക്കു ചലനമറ്റ് ആൽവിനെത്തിയപ്പോള്‍ കണ്ടു നിന്നവരുടെ ഉള്ളുലഞ്ഞു. ആൽവിൻ ഉപയോഗിച്ചിരുന്ന വെള്ള ഓവർകോട്ട് മകനെയെന്നപോലെ നെഞ്ചോടു ചേർത്ത് അമ്മ വിതുമ്പിയപ്പോള്‍ പ്രകൃതി പോലും ആ സങ്കടത്തില്‍ മൗനം തീര്‍ത്തു.
മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ കളർകോട്ട് കെഎസ്ആർടിസി ബസിലിടിച്ചു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി എടത്വ പള്ളിച്ചിറയിൽ ആൽവിൻ ജോർജിന് സഹപാഠികളും അധ്യാപകരും വിട ചൊല്ലി.
‘എൻജിനീയറിങ് എൻട്രൻസ് എഴുതി ഐഐടിയിൽ പ്രവേശനത്തിനു യോഗ്യത നേടിയെങ്കിലും എനിക്കു രോഗികളെ പരിചരിക്കണമെന്നു പറഞ്ഞല്ലേ മെഡിക്കൽ പഠനത്തിലേക്കു പോയത്. ആലപ്പുഴ ടിഡി മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ശേഷം മെഡിക്കൽ കോളജിലെ ഗ്രൗണ്ട് അമ്മയെ കാണിച്ചു തന്നില്ലേ. ആ ഗ്രൗണ്ടിൽ കളിച്ചു കൊതിതീരുന്നതിനു മുൻപല്ലേ മോനേ പോകുന്നത്’ മീനയ്ക്കു കരച്ചിലടക്കാനായില്ല. ബന്ധുക്കളും ആൽവിന്റെ സുഹൃത്തുക്കളും താങ്ങിപ്പിടിച്ചാണു മീനയെ മൃതദേഹത്തിനരികെ എത്തിച്ചത്. മെഡിക്കൽ കോളജിൽ ആൽവിൻ ഉപയോഗിച്ചിരുന്ന കോട്ടും ആൽവിനെ പുതപ്പിച്ചിരുന്ന തുണിയും കെട്ടിപ്പിടിച്ചായിരുന്നു മീനയുടെ കരച്ചിൽ.