രാജ്യസഭയിൽ നാടകീയ രംഗങ്ങളും പൊട്ടിത്തെറിയും. പദവിയിൽ നിന്ന് നീക്കാനുള്ള പ്രമേയത്തെ ചൊല്ലി അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും തമ്മില്‍ രൂക്ഷമായ വാക്പോരുണ്ടായി. പലതവണ ജഗദീപ് ധൻകർ വികാരാധീനനായി. സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിവാദ പ്രസ്താവന നടത്തിയ ജസ്റ്റിസ് ശേഖർ യാദവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം നോട്ടീസ് നൽകി.
രാജ്യസഭാധ്യക്ഷനെതിരായ പ്രതിപക്ഷ പ്രമേയം കർഷക ഒബിസി വിഭാഗങ്ങളെ അപമാനിക്കലാണെന്ന് BJP MP മാരായ സുരേന്ദ്ര സിങും നീരജ് ശേഖറും കിരൺ ചൗധരിയുംആരോപിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കമിട്ടത്. പിന്നാലെ സംസാരിച്ച ജഗ്ദീപ് ധന്‍കര്‍ രാജ്യസഭാധ്യക്ഷനെതിരായ പ്രമേയം കൊണ്ടുവരുമ്പോൾ 14 ദിവസം എന്ന ചട്ടമെങ്കിലും അറിഞ്ഞിരിക്കണമായിരുന്നു എന്നും കർഷക കുടുംബത്തിൽ നിന്ന് ഒരാൾ ഈ പദവിയിൽ എത്തുന്നതെങ്ങനെയെന്ന് പ്രതിപക്ഷം ചിന്തിക്കണമെന്നും പറഞ്ഞു. ഇതോടെ പ്രതിപക്ഷ പ്രതിഷേധം നിയന്ത്രണാധിതമായി.
താനും ദളിത് കർഷക തൊഴിലാളി കുടുംബത്തിൽ നിന്നാണെന്നും പ്രതിപക്ഷ നേതാവായ തന്നെ നിരന്തരമായി അപമാനിക്കുന്ന സഭാ അധ്യക്ഷനെ എങ്ങനെ ബഹുമാനിക്കും എന്നും മല്ലി കാർജുൻ ഖർഗെ ക്ഷുഭിതനായി ചോദിച്ചു. പ്രശ്നപരിഹാര ചർച്ചയ്ക്കായി ചേമ്പറിലേക്കുള്ള സഭാധ്യക്ഷൻ്റെ ക്ഷണവും പ്രതിപക്ഷം തള്ളി.