കൃഷി ഭൂമിയിലേക്ക് കടക്കുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാനകളെ വെടിവച്ചു കൊല്ലാന്‍ അനുമതി തേടി എംഎല്‍എ . കര്‍ണാടകയിലെ ബെല്‍താങ്കടിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ചയാണ് വിചിത്ര ആവശ്യം സര്‍ക്കാരിനു മുന്നില്‍ വച്ചത്.
‘കര്‍ഷകര്‍ക്ക് ഒരവസരം കൊടുക്കൂ, കാട്ടാനകളെ വെടിവച്ച് ഇല്ലാതാക്കാം. ഇതാണ് കര്‍ഷകരും പറയുന്നത്. ആന ശല്യം കാരണം അവര്‍ക്ക് സമാധാനമായി ഉറങ്ങാന്‍ പോലുമാകുന്നില്ല. പരിഹാരം ഉടന്‍ വേണം’ എന്നാണ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞത്. എംഎല്‍എയുടെ ആവശ്യം സഭയിലുണ്ടായിരുന്ന മന്ത്രിമാരെയും എംഎല്‍എമാരെയും ഞെട്ടിക്കുന്നതായിരുന്നു. ഉടന്‍ തന്നെ വനംവകുപ്പ് മന്ത്രിയായ ഈശ്വര്‍ ഖണ്‍ഡ്രേ എംഎല്‍എയോട് ഇങ്ങനെയൊന്നും പറയരുതെന്ന് നിര്‍ദേശിച്ചു.
താങ്കള്‍ ഒരു ജനപ്രതിനിധിയാണ്. ഇങ്ങനെ സംസാരിക്കാന്‍ പാടുണ്ടോ?. ദൗര്‍ഭാഗ്യകരം. ഇവിടെയൊരു നിയമ വ്യവസ്ഥയുണ്ട്. അതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത് എന്ന ഉപദേശവും മന്ത്രി എംഎല്‍എയ്ക്ക് നല്‍കി. സ്പീക്കറും എംഎല്‍എയുടെ സംസാരത്തില്‍ അതൃപ്തി അറിയിച്ചു. മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്. അവയെ കൊല്ലുന്നതല്ല പരിഹാരം എന്നായിരുന്നു സ്പീക്കര്‍ യു.ടി ഖാദറിന്‍റെ മറുപടി.
കാട്ടാനകള്‍ വ്യാപകമായി കൃഷിഭൂമി നശിപ്പിക്കുന്നതും കര്‍ഷകരുടെ ദയനീയവസ്ഥയുമാണ് ഇത്തരമൊരു പ്രതികരണം നടത്താന്‍ എംഎല്‍എയെ പ്രേരിപ്പിച്ചത്. പക്ഷേ സഭയില്‍ എംഎല്‍എ പറഞ്ഞ കാര്യങ്ങള്‍ പരസ്യ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.