തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില രേഖകളില്‍ പൊതുജന പരിശോധന വിലക്കിയ കേന്ദ്രസര്‍ക്കാരിന്റെ നിയമ ഭേദഗതി വിവാദമാവുന്നു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരാതിക്കാരന് കൈമാറാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശപ്രകാരം നിയമന്ത്രാലയം ഭേദഗതി കൊണ്ടുവന്നത്. സര്‍ക്കാരിന് പലതും മറയ്ക്കാനുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍ ആരോപിച്ചു.

ബാലറ്റ് പേപ്പറുകള്‍, അവയുടെ കൗണ്ടര്‍ഫോയിലുകള്‍, വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ എന്നിവയടക്കം ഏതാനും രേഖകള്‍ പുറത്തുവിടുന്നതിനായിരുന്നു ഇതുവരെ വിലക്കുണ്ടായിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് നിയമത്തില്‍ പരാമര്‍ശിക്കാത്ത ഒരു രേഖകളും നല്‍കാനാവില്ല എന്നാണ് നിയമന്ത്രാലയം ഭേദഗതിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് വോട്ടെടുപ്പിന്‍റെ വീഡിയോ, സി.സി.ടി.വി. ദൃശ്യങ്ങള്‍ തുടങ്ങിയവ ലഭ്യമാവില്ല. 

ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകനായ മെഹ്മൂദ് പ്രാച നല്‍കിയുടെ പരാതിയില്‍ വോട്ടെടുപ്പിന്‍റെ വീഡിയോകളും സുരക്ഷാ ക്യാമറ ദൃശ്യങ്ങളും പോള്‍ചെയ്ത വോട്ടുകളുടെ കണക്കടങ്ങുന്ന രേഖകളും കൈമാറാന്‍ പഞ്ചാബ് –ഹരിയാന ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു..  ഇതിന് പിന്നാലെയാണ് തിരക്കിട്ട് നിയമഭേദഗതി കൊണ്ടുവന്നത്. സര്‍ക്കാരിന് പലതും മറച്ചുവയ്ക്കാനുണ്ടെന്ന് ഈ നീക്കത്തിലൂടെ വ്യക്തമായെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെ പ്രതിപക്ഷം ആരോപിച്ചു.

ENGLISH SUMMARY:

The Central Government's legal amendment restricting public access to certain election-related documents sparks controversy