mohali-building-collapse

TOPICS COVERED

പഞ്ചാബിലെ മൊഹാലിയിൽ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം രണ്ടായി.  കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ പത്തോളം പേരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.  ഉടമകള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. 

 

മൊഹാലി ജില്ലയിലെ സോഹ്ന ഗ്രാമത്തിലെ നാലുനിലകെട്ടിടമാണ് ഇന്നലെ വൈകുന്നേരം തകര്‍ന്നത്.  കെട്ടിടത്തിലെ ജിമ്മിലെത്തിയ ഹിമാചല്‍ സ്വദേശിയായ 20 കാരി അപകടത്തിനു പിന്നാലെതന്നെ മരിച്ചു.  18 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഹരിയാന ‌സ്വദേശിയുടെ മൃതദേഹംകൂടി കണ്ടെടുത്തത്. ഇന്നലെ രക്ഷപ്പെടുത്തിയ ഒരു സ്ത്രീ ആശുപത്രിയിലാണ്.  കെട്ടിടത്തിന്‍റെ ഭീമന്‍ പാളികളടക്കമുള്ള അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും എത്രപേര്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് കൃത്യമായ വിവരമില്ല.  സൈന്യവും ദേശിയ ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.  

കെട്ടടത്തിനുസമീപത്തെ സ്ഥലത്ത് ഉടമകള്‍ നിര്‍മാണത്തിനായി അനുമതിയില്ലാതെ യന്ത്രമുപയോഗിച്ച് വലിയെ കുഴിയെടുത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  കെട്ടിട ഉടമകള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത  നരഹത്യയ്ക്ക് കേസെടുത്തു.  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉദ്യോഗസ്ഥരുമായി  ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ENGLISH SUMMARY:

The death toll rises to two in the accident caused by the collapse of a multi-story building in Mohali, Punjab