മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്മാരകം നിര്‍മിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അറിയിച്ചിരുന്നു. സ്മാരകത്തിനായി സ്ഥലം കണ്ടെത്തുകയും ട്രസ്റ്റ് രൂപീകരിക്കുകയും വേണം. വൈകുന്നത് ഒഴിവാക്കാനാണ് നിഗം ബോധ്ഘട്ടില്‍ സ്ഥലം അനുവദിച്ചതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
സംസ്കാരത്തിന് പ്രത്യേകസ്ഥലം അനുവദിക്കാത്തത് വേദനാജനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച അനുവദിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യമുനാതീരത്ത് മുന്‍ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം അന്ത്യവിശ്രമം അനുവദിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇത് കേന്ദ്രം തള്ളുകയായിരുന്നു.
മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ വസതിയില്‍നിന്ന് എ.ഐ.സി.സി. ആസ്ഥാനത്തേക്ക് അല്‍പ സമയത്തിനുള്ളില്‍ എത്തിക്കും. അന്തിമോപചാരം അര്‍പ്പിക്കാനായി നേതാക്കളുടെ നീണ്ടനിരയാണ് എഐസിസി ആസ്ഥാനത്തുള്ളത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ദുഃഖാചരണത്തിന്‍റെ ഭാഗമായി രാഷ്ട്രപതി ഭവനടക്കം എല്ലായിടത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.