ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയിലും കമ്മിറ്റിക്ക് മൊഴികൊടുത്ത നടിയും അണിയറ പ്രവര്‍ത്തകയും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസിന് താല്‍പര്യമില്ലെന്നറിയിച്ചിട്ടും പൊലീസ് കേസെടുത്തെന്നും മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും നടിയുടെ അഭിഭാഷകന്‍ വാദിച്ചു. വളരെ വിചിത്രമെന്ന് നിരീക്ഷിച്ച കോടതി നടപടിക്രമങ്ങളുടെ പേരില്‍ ആളുകളെ ഉപദ്രവിക്കരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മൊഴികളില്‍ പ്രാഥമികാന്വേഷണം നടത്താതെയും തെളിവില്ലാതെയും എന്തിന് കേസെടുത്തെന്നും ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു. റിപ്പോര്‍ട്ടില്‍ അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോ എന്നും കോടതി. മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശവും ഓര്‍മ്മിപ്പിച്ച സുപ്രീം കോടതി സര്‍ക്കാരിനോട് വിവരങ്ങള്‍ തേടി. മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെ മറുപടി.
കക്ഷിയല്ലാത്ത താങ്കള്‍ അന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സജിമോന്‍ പാറയിലിനോട് കോടതിയുടെ ചോദ്യം. സജിമോനെ മുന്നില്‍ നിര്‍ത്തുന്നത് സിനിമ രംഗത്തെ വലിയ വ്യക്തികളാകാമെന്ന് WCC. പരാതിപ്പെടുന്ന സ്ത്രീകൾക്ക് ജോലി നഷ്ടപ്പെട്ടതായും ഭീഷണിയുള്ളതായും വനിത കമ്മിഷന്‍ അഭിഭാഷക കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നെടുത്ത കേസുകളുടെ ഭാവി സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവോടെ വ്യക്തതവരും.