ഓടുന്ന ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാന്‍ ശ്രമിച്ച് വീണ സ്ത്രീക്ക് അത്ഭുത രക്ഷ. മഹാരാഷ്ട്രയിലെ ബോറിവാലി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. നടയിറങ്ങുന്ന ലാഘവത്തിലാണ് സ്ത്രീ ഓടുന്ന ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചത്. സ്ത്രീയുടെ കയ്യില്‍ ഒപ്പമുള്ള ഒരാള്‍ പിടിച്ചാണ് ഇറക്കിയത്.
എന്നാല്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങവേ ബാലന്‍സ് തെറ്റിയ ഇവര്‍ പാളത്തിലേക്ക് വീഴാന്‍ പോവുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് സമീപത്തുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍റെ സമയോചിത ഇടപെടല്‍ വന്‍അപകടം ഒഴിവാക്കി. സ്ത്രീ വീണപ്പോള്‍ തന്നെ ഇവരെ ചാടിപ്പിടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് സമീപത്ത് നിന്നും ഇവരെ വലിച്ചുനീക്കി.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ തന്നെ എക്സിലൂടെ പങ്കുവച്ചു. "മഹാരാഷ്ട്രയിലെ ബോറിവാലി റെയിൽവേ സ്റ്റേഷനിൽ, ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ ബാലൻസ് നഷ്ടപ്പെട്ട് വീണു. അവിടെയുണ്ടായിരുന്ന റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അവരെ രക്ഷിച്ചു. ദയവായി ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്," വീഡിയോ പങ്കുവെച്ചുകൊണ്ട് റെയിൽവേ പറഞ്ഞു.