അനധികൃത പണം കണ്ടെത്തിയതില്‍ അന്വേഷണം പുരോഗമിക്കവെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിക്കുസമീപം കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സുപ്രീം കോടതി ഉദ്യോഗസ്ഥര്‍ അഗ്നി രക്ഷാസേനയില്‍നിന്ന് വിവരം തേടി. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടും എതിരായാല്‍ ജസ്റ്റിസ് വര്‍മയുടെ രാജി ആവശ്യപ്പെടാനാണ് നീക്കം.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഡല്‍ഹി തുഗ്ലക് ക്രസന്‍റ്റിലെ വസതിയുടെ മതില്‍കെട്ടിനുപുറത്താണ് കത്തിയ 500ന്‍റെ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തീപിടത്തമുണ്ടായതിന്‍റെ പിറ്റേന്ന് രാവിലത്തന്നെ അവശിഷ്ടങ്ങള്‍ നീക്കിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. നാലഞ്ചു ദിവസമായി റോഡരികില്‍ നോട്ടുകഷണങ്ങൾ കാണുണ്ടെന്ന് കോര്‍പ്പറേഷന്‍റെ ശുചീകരണ തൊഴിലാളികള്‍ പറയുന്നു. മറ്റ് അവശിഷ്ടങ്ങള്‍ വിട്ടുപരിസരത്ത് കൂട്ടിയിട്ടിട്ടുണ്ട്. കത്തിയ നോട്ടുകൂമ്പാരത്തിന്‍റെ ദൃശ്യങ്ങളടക്കം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാണ്. അഗ്നിരക്ഷാസേന ഡല്‍ഹി മേധാവി അതുല്‍ ഗാര്‍ഗിനെക്കണ്ട് സുപ്രീം കോടതി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടി. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ഒരു ഹൈക്കോടതി ജഡ്ജിയും ഉൾപ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ട് ജസ്റ്റിസ് വര്‍മയ്ക്ക് എതിരായാല്‍ വര്‍മ രാജി വയ്ക്കേണ്ടിവരും. ഇല്ലെങ്കില്‍ ഇംപീച്ച്മെന്‍റിലൂടെ പുറത്താക്കാന്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കത്തുനല്‍കും.
ജുഡീഷ്യല്‍ സമിതി ജസ്റ്റിസ് വര്‍മയുടെ വിശദീകരണവും തേടും. ആറുമാസത്തെ ഫോൺ കാൾ റെക്കോഡും പരിശോധിക്കുന്നുണ്ട്. താനോ കുടുംബമോ സ്റ്റോര്‍ റൂമില്‍ പണം സൂക്ഷിച്ചിട്ടില്ലെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ നിലവിലെ വിശദീകരണം.