parliament

പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവയില്‍ വര്‍ധന വരുത്തി കേന്ദ്ര സര്‍ക്കാര്‍ . 2023 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവെന്ന്  പാര്‍ലമെന്‍റി കാര്യമന്ത്രാലയം പുറത്തിറക്കിയ ഗസ്റ്റ് വിജ്ഞാപനത്തില്‍ പറയുന്നു.  

നിലവിലെ ഒരു ലക്ഷം രൂപ പ്രതിമാസം ശമ്പളത്തില്‍ നിന്നും 1.24 ലക്ഷം രൂപയായി ശമ്പളം ഉയരും. പ്രതിദിന അലവന്‍സ് 2,000 രൂപയയിരുന്നത് 2,500 രൂപയാക്കി മാറ്റി.

എംപിയായിരുന്നവര്‍ക്ക് 25,000 രൂപയായിരുന്നു നേരത്തെ പെന്‍ഷന്‍. ഇത് 31,000 രൂപയാക്കി ഉയര്‍ത്തി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള എംപിമാര്‍ക്ക് അധികമുള്ള ഓരോ വര്‍ഷത്തിനും 2,500 രൂപ വീതം ലഭിക്കും. നേരത്തെയിത് 2,000 രൂപയായിരുന്നു. 

പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിനിടെയാണ് എംപിമാരുടെ ശമ്പളം, അലവൻസുകൾ, പെൻഷനുകൾ എന്നിവ പരിഷ്കരണം പ്രഖ്യാപിച്ചത്. സിറ്റിങ് എംപിമാര്‍ക്കും മുൻ എംപിമാർക്കും നൽകുന്ന ശമ്പളം അലവൻസുകള്‍ എന്നിവ 2018 ഏപ്രിലിലാണ് അവസാനമായി ഉയര്‍ത്തിയത്. അടിസ്ഥാന ശമ്പളം 1 ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. 

2018 ലെ പരിഷ്കരണം അനുസരിച്ച്, എംപിമാർക്ക് ഓഫീസ് ജോലികള്‍ക്കും മണ്ഡലത്തിലെ ഇടപെടലുകള്‍ക്കുമായി മണ്ഡല അലവൻസ് ഇനത്തില്‍ 70,000 രൂപ ലഭിക്കും. പാർലമെന്റ് സമ്മേളനങ്ങളിൽ പ്രതിമാസം 60,000 രൂപ ഓഫീസ് അലവൻസും ലഭിക്കും. ഈ അലവൻസുകളും വർധിപ്പിക്കും. 

വര്‍ഷത്തില്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് ഉപയോഗത്തിനും എംപിമാര്‍ക്ക് അലവന്‍സ് ഫണ്ട്. വര്‍ഷത്തില്‍ 34 സൗജന്യ ആഭ്യന്തര വിമാന യാത്ര എംപിമാര്‍ക്കും കുടുംബങ്ങള്‍ക്കും ലഭിക്കും. ഔദ്യോഗിക, സ്വകാര്യ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണണെങ്കിലും ഫസ്റ്റ്ക്ലാസ് ട്രെയിന്‍ യാത്രയും സൗജന്യമായി ലഭിക്കും. വാഹനത്തിന് മൈലേജ് അലവന്‍സും ലഭിക്കും. 50,000 യൂണിറ്റ് സൗജന്യ വൈദ്യുതി, 4,000 കിലോലിറ്റര്‍ െവള്ളം എന്നിവയും സൗജന്യമായി ലഭിക്കും. 

ENGLISH SUMMARY:

The central government has announced an increase in the salaries and pensions of MPs. Find out how much your MP will receive per month following the new changes.