lsdelimitation

TOPICS COVERED

ലോക്സഭ മണ്ഡലം പുനര്‍നിര്‍ണയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിളിച്ച യോഗം നാളെ.  മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ രാവിലെ പത്തിനായിരിക്കും യോഗമെന്നാണ് സൂചന.

കേന്ദ്രത്തിനെതിരെ തുറന്ന പോരാട്ടത്തിലാണ് തമിഴ്നാട്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിന്‍റെ പേരില്‍ കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചതോടെ തുടങ്ങിയ പോര് കൂടുതല്‍ കനക്കുകയാണ്. ബജറ്റിന്‍റെ ലോഗോയില്‍ രൂപയുടെ ചിഹ്നം മാറ്റി തമിഴ് അക്ഷരം രൂപ ഉള്‍പ്പെടുത്തിയും പാര്‍ലമെന്‍റില്‍ മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ടുധരിച്ചുമെല്ലാം പ്രതിഷേധവുമായി മുന്നോട്ടെന്ന സൂചന തന്നെ സംസ്ഥാനം നല്‍കി കഴിഞ്ഞു. ഈ ഘട്ടത്തിലാണ് ലോക്സഭ മണ്ഡലം പുനര്‍നിര്‍ണയത്തില്‍ മറ്റ് സംസ്ഥാനങ്ങളുടെ കൂടി പിന്തുണ നേടാന്‍ സ്റ്റാലിനും സര്‍ക്കാരും തീരുമാനിച്ചത്. ഇതുവഴി കേന്ദ്രത്തിന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുക തന്നെയാണ് ലക്ഷ്യം. ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡലം പുനര്‍നിര്‍ണയിച്ചാല്‍ ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് നടപടികളെ കുറിച്ച് ആലോചിക്കാന്‍ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും മുന്‍ മുഖ്യമന്ത്രിമാരേയും  യോഗത്തിന് ക്ഷണിച്ചത്. സ്റ്റാലിന്‍ കത്തയച്ചതിന് പുറമേ ഒരു മന്ത്രിയേയും എംപിയേയും ഈ സംസ്ഥാനങ്ങളിലേക്കയച്ച് നേരിട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ വരും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും യോഗത്തിനെത്തും.  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പങ്കെടുക്കില്ല,. പകരം പ്രതിനിധികളെ അയക്കും. യോഗത്തില്‍ ആകെ 20–ല്‍പ്പരം പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് വിവരം. ഈ യോഗത്തോടെ കേന്ദ്രത്തിനെതിരായ പോരാട്ടത്തല്‍ ദക്ഷിണേന്ത്യയുടെ മുഖമായി മാറും സ്റ്റാലിന്‍ എന്നാണ് വിലയിരുത്തല്‍.