rahul-gandhi-education-rss-control-india-collapse

വിദ്യാഭ്യാസമേഖലയുടെ പൂര്‍ണനിയന്ത്രണം ആര്‍എസ്എസിന്‍റെ കൈകളിലെത്തിയാല്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ 'ഇന്ത്യ' മുന്നണിയില്‍പ്പെട്ട കക്ഷികളുടെ വിദ്യാര്‍ഥികസംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഒരു സംഘടന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തച്ചുടയ്ക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനകം തന്നെ അവര്‍ ആ മേഖലയില്‍ സ്വാധീനമുറപ്പിച്ചുകഴിഞ്ഞു. വിദ്യാഭ്യാസരംഗം പൂര്‍ണമായി അവരുടെ നിയന്ത്രണത്തിലായാല്‍ ആര്‍ക്കും ജോലി കിട്ടില്ല, രാജ്യവും ഇല്ലാതാകും.' – രാഹുല്‍ പറഞ്ഞു.

രാജ്യത്തെ സര്‍വകലാശാലകള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലായിക്കഴിഞ്ഞുവെന്ന വസ്തുത വിദ്യാര്‍ഥിസംഘടനകള്‍ വിദ്യാര്‍ഥിസമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തു. ഭാവിയില്‍ സംസ്ഥാനങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെയും ആര്‍എസ്എസ് നാമനിര്‍ദേശം ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഇത് തടഞ്ഞേ മതിയാകൂ എന്നും ജന്തര്‍മന്തറില്‍ സംഘടിച്ച വിദ്യാര്‍ഥികളോട് രാഹുല്‍ പറഞ്ഞു.

'പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ മഹാകുംഭമേളയെക്കുറിച്ച് പരാമര്‍ശിച്ചു. എന്നാല്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ല. വിഭവങ്ങളെല്ലാം അദാനിക്കും അംബാനിക്കും, സ്ഥാപനങ്ങളെല്ലാം ആര്‍എസ്എസിനും എന്നതാണ് സര്‍ക്കാരിന്‍റെ നയം.' യുജിസിയുടെ കരട് നയത്തിലെ നിര്‍ദേശങ്ങള്‍, 'ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ' എന്ന ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

'ഇന്ത്യ' മുന്നണിയിലെ കക്ഷികള്‍ക്ക് വ്യത്യസ്തമായ രാഷ്ട്രീയ ആദര്‍ശങ്ങളും നയങ്ങളുമുണ്ടാകും. അതിന്‍റെ പേരില്‍ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ഈ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ഒന്നിച്ചുപൊരുതും.' – രാഹുല്‍ പറഞ്ഞു. യുജിസി നിയന്ത്രങ്ങളുടെ കരടിനെതിരെ കഴിഞ്ഞമാസം ഡിഎംകെ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു.

ENGLISH SUMMARY:

Opposition leader Rahul Gandhi stated that if the complete control of the education sector falls into the hands of the RSS, India will be ruined. He made this remark while inaugurating a protest organized by student organizations of parties in the "India" alliance against the National Education Policy in Delhi.