ഇന്ത്യന്‍ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ സഹോദരിയും ഭര്‍ത്താവും തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പണം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് ഇരുവരും അംഗങ്ങളായത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം നാത്തൂന്‍ കൂടി പേര് രജിസ്റ്റര്‍ ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എബിപി ന്യൂസാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
യുപിയിലെ അംറോഹ ജില്ലയിൽനിന്നാണ് ഷമിയുടെ സഹോദരി ഷബിനയും ഭർത്താവും ഭർതൃസഹോദരിയും തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റര്‍ ചെയ്ത് പണം കൈപ്പറ്റിയത്. പദ്ധതിയിലൂടെ 2021 മുതല്‍ 2024 വരെ ഷബിന പണം സ്വീകരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കുടുംബാംഗങ്ങള്‍ ഇതുവരേയും തയ്യാറായിട്ടില്ല. ഏകദേശം എഴുപതിനായിരത്തോളം രൂപ ഇതുവരെ കൂലിയായി കൈപ്പറ്റിയിട്ടുണ്ട്. 657 തൊഴിൽ കാർഡുകൾ നൽകിയതിൽ 473–ാമത്തെ പേരാണ് ഷബിനയുടേത് . പദ്ധതിയില്‍ അനര്‍ഹര്‍ പേര് രജിസ്റ്റര്‍ ചെയ്ത് പണം വാങ്ങുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഈ സംഭവം പുറത്തുവരുന്നത്.
ബംഗാളിന്റെ ആഭ്യന്തര ക്രിക്കറ്റ് ടീം താരമാണെങ്കിലും ഷമിയുടെ കുടുംബം ഉത്തര്‍പ്രദേശിലാണ് താമസിക്കുന്നത്. ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായി ഐപിഎല്‍ ക്യാംപിലാണ് ഷമിയുള്ളത്.