പാർട്ടിയുടെ ജനകീയ അടിത്തറ തിരിച്ചുപിടിച്ച് കരുത്തു കൂട്ടാനുള്ള രാഷ്ട്രീയ നയസമീപനം സ്വീകരിക്കാൻ സി.പി.എമ്മിന്റെ 24 ാം പാർട്ടി കോൺഗ്രസ്സിന് നാളെ തമിഴ്നാട്ടിലെ മധുരയിൽ പതാക ഉയരും . എം.എ.ബേബി, അശോക് ധവ്ളെ തുടങ്ങി ഒന്നിലേറെ പേരുകൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട് . ബി.ജെ.പിയെ എങ്ങനെ നേരിടാം എന്നതാണ് പാർട്ടി കോൺഗ്രസിലെ പ്രധാന ചർച്ച എന്ന് സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി.ഷണ്മുഖം മനോരമ ന്യൂസിനോട് പറഞ്ഞു.
പാർട്ടി കോൺഗ്രസിന് മധുര ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ പോലെ പെങ്കൊടികൾ എവിടെയും . കേരളത്തിലും പുറത്തും സംഘടനാപരമായി ഏറെ വെല്ലുവിളി നേരിടുമ്പോളാണ് പുതിയ നയ സമീപനം സ്വീകരിക്കാൻ പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടി ഉയരുന്നത് . കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള ചർച്ചകളാകും ഇത്തവണയും പാർട്ടി കോൺഗ്രസിനെ സജീവമാക്കുക. ബി ജെ പി വിരുദ്ധ പോരാട്ടത്തെ ദുർബലമാക്കുന്നത് കോൺഗ്രസിൻ്റെ താല്പര്യക്കുറവാണെന്ന വിമർശനമാണ് സമ്മേളനത്തിൽ ഉയരാൻ സാധ്യത. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റാനുള്ള വഴികൾ പാർട്ടി കോൺഗ്രസിൽ ചർച്ച ആകുമെന്ന് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം പറഞ്ഞു
പ്രായപരിധി 75 വയസെന്നത് കർശനമായി നടപ്പാക്കണം എന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. അതേ സമയം ബൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങി ചുരുക്കം ചില നേതാക്കൾക്ക് ഇളവ് നൽകണമെന്ന നിർദേശവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ പ്രായ പരിധിക്ക്ഉള്ളിൽ നിൽക്കുന്ന നേതാവാകണം ജനറൽ സെക്രട്ടറി എന്നതാണ് പാർട്ടിയിലെ ആലോചന. അങ്ങനെ വന്നാൽ എം എ ബേബിക്കോ അശോക് ധവളക്കോ ജനറൽ സെക്രട്ടറി പദവിയിലേക്ക് സ്വാധ്യത കൽപിക്കപ്പെടുന്നു. എം എ ബേബി വന്നാൽ കേരളത്തിൽ മാത്രമുള്ള പാർട്ടി എന്ന ചർച്ച സജീവമാകുമോ എന്നൊരു ആശയകുഴപ്പം പാർട്ടി കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇതോടെയാണ് അശോക് ധവ്ള ഉൾപ്പടെയുള്ള നേതാക്കളുടെ പേരുകൾ സജീവമായി
പരിഗണിക്കപ്പെടുന്നത്