bengaluru-arrest

TOPICS COVERED

16കാരിയെ ലൈംഗികമായി പീഡിപ്പിച്ച ബാഡ്മിന്റണ്‍ പരിശീലകന്‍ അറസ്റ്റിലായി. ബംഗളൂരുവിലാണ് സംഭവം. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് എട്ട് പെണ്‍കുട്ടികളുെട നഗ്നചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കണ്ടെടുത്തു.  അറസ്റ്റിലായ പ്രതി 26കാരനായ സുരേഷ് ബാലാജിയെ എട്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും പകര്‍ത്തിയതിനുമാണ് കോച്ച് സുരേഷ് ബാലാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മുത്തശ്ശിക്ക് തോന്നിയ സംശയമാണ് പീഡനകഥ പുറത്തുവരാന്‍ സാഹചര്യമൊരുക്കിയത്. 

തമിഴ്നാട് സ്വദേശിയായ സുരേഷ് ബാലാജി ഹുളിമാവിലുള്ള പരിശീനകേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് 16കാരി ഈ പരിശീലനകേന്ദ്രത്തില്‍ എത്തുന്നത്. പരിശീലനത്തിന്റെ ഭാഗമെന്നുപറഞ്ഞ് ബാലാജി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കാര്യങ്ങള്‍ ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവധിക്കാലം ആഘോഷിക്കാന്‍ മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തുവരുന്നത്. മുത്തശ്ശിയുടെ മൊബൈല്‍ ഉപയോഗിച്ച് പെണ്‍കുട്ടി സുരേഷിന് ഒരു നഗ്നചിത്രം അയച്ചു, ഈ ഫോട്ടോ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മുത്തശ്ശി വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. 

തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരേഷ് ബാലാജിയെ അറസ്റ്റ് ചെയ്തു. ഫോണ്‍ പരിശോധിച്ചപ്പോള്‍ എട്ട് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും കണ്ടെത്തി. 13മുതല്‍ 16 വയസുവരെയുള്ള പരിശീലനകേന്ദ്രത്തിലെ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. 

ENGLISH SUMMARY:

A 26-year-old badminton coach was arrested in Bengaluru on charges of raping a 16-year-old girl . Accused sent to 8-day police custody.